തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാമ്പസുകളില്‍ റാഗിങ് പൂര്‍ണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കിയ 'സിദ്ധാര്‍ത്ഥ്' ആപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വ്വഹിച്ചു. തിരുവനന്തപുരം ഗവ. വുമണ്‍സ് കോളേജില്‍ നടന്ന ചടങ്ങിലാണ് വിവിധ പദ്ധതികള്‍ക്കൊപ്പം പുതിയ ആപ്പിന്റെ ലോഞ്ചിങ്ങും നടന്നത്. സഭയില്‍ പുതിയ ആന്റി റാഗിങ് ആക്ട് അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നാണിതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ചടങ്ങില്‍ സംസാരിക്കവേ വ്യക്തമാക്കി.
പൂക്കോട് വെറ്ററിനറി കോളേജില്‍ റാഗിങ്ങിനിരയായി മരണപ്പെട്ട സിദ്ധാര്‍ത്ഥിന്റെ ഓര്‍മ്മയിലാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ് തടയാനും വിദ്യാര്‍ത്ഥികള്‍ക്ക് ഭയരഹിതമായി പരാതി നല്‍കാനുമുള്ള സംവിധാനം ഈ ആപ്പിലൂടെ ലഭ്യമാകും. ഇനി ഒരു ക്യാമ്പസിലും ഒരു സിദ്ധാര്‍ത്ഥന്‍ ഉണ്ടാകാന്‍ പാടില്ലെന്ന ശക്തമായ തീരുമാനത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടിയിലേക്ക് കടന്നത്.
സിദ്ധാര്‍ത്ഥിന്റെ അമ്മയുടെ കണ്ണീരില്‍ നിന്നാണ് ഈ ആപ്പ് രൂപംകൊണ്ടതെന്നും ഇനി ഒരു കുട്ടിക്കും തങ്ങള്‍ തനിച്ചാണെന്ന തോന്നല്‍ ഉണ്ടാകരുതെന്നും സര്‍ക്കാര്‍ എപ്പോഴും അവര്‍ക്കൊപ്പമുണ്ടെന്നും ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പസുകളില്‍ റാഗിങ് ഉണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികച്ച അക്കാദമിക് പ്രോഗ്രാമുകളും പ്ലേസ്മെന്റുകളും കേരളത്തില്‍ തന്നെ ഉറപ്പാക്കുമെന്നും ഉപരിപഠനത്തിനായി വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോകേണ്ട സാഹചര്യ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
'ഇനിയൊരു സിദ്ധാര്‍ത്ഥ് ആവര്‍ത്തിക്കരുത്'; 'സിദ്ധാര്‍ത്ഥ്' ആന്റി റാഗിങ് ആപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു