കെ.എം മാണിയുടെ വിയോഗത്തിൽ അനുശോചന പ്രവാഹം

Jaihind Webdesk
Tuesday, April 9, 2019

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായ കെ.എം മാണിയുടെ വിയോഗത്തില്‍ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജോസ് കെ മാണിയെ ടെലിഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചു.

മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്‍റണി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, ഗുലാം നബി ആസാദ്, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല, എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ കെ.പി.സി.സി പ്രസിഡന്‍റുമാരായ വി.എം സുധീരന്‍, എം.എം ഹസന്‍, തെന്നല ബാലകൃഷ്ണപിള്ള, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി എന്നിവരടക്കം നിരവധിപേര്‍ കെ.എം മാണിയുടെ വിയോഗത്തില്‍ അനുശോചിച്ചു.

അർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ച മുതിർന്ന നേതാവിനെ രാജ്യത്തിനും കേരളത്തിനും നഷ്ടമായി: ഡോ. മൻമോഹൻ സിംഗ്

കെ.എം മാണിയുടെ വിയോഗത്തിൽ അഗാധ ദു:ഖം രേഖപ്പെടുത്തി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. അർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ച മുതിർന്ന നേതാവിനെയാണ് രാജ്യത്തിനും പ്രത്യേകിച്ച് കേരളത്തിനും നഷ്ടമായതെന്നും കെ.എം മാണിയുടെ മകൻ ജോസ് കെ മാണിക്കയച്ച അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. താൻ പ്രധാനമന്ത്രിയും അദ്ദേഹം സംസ്ഥാന ധനമന്ത്രിയുമായിരുന്നപ്പോൾ ഒട്ടേറെ തവണ അദ്ദേഹവുമായി ഒരുമിച്ച് പ്രവർത്തിച്ചതിന്‍റെ ഓർമ്മകളാണ് മനസിലേക്ക് ഓടിയെത്തുന്നത്. പൊതുവിഷയങ്ങളിലും ധനകാര്യ വിഷയങ്ങളിലും അദ്ദേഹത്തിന് അഗാധ പാണ്ഡിത്യമാണുണ്ടായിരുന്നത്. തന്‍റെയും ഏറ്റവും അടുത്ത സുഹൃത്തായിരുന്നു കെ.എം മാണിയെന്നും അദ്ദേഹം അനുസ്മരിച്ചു. അദ്ദേഹത്തിന്‍റെ അപ്രതീക്ഷിതമായ വേർപാടിൽ കുടുംബാംഗങ്ങളോടുള്ള അനുശോചനം രേഖപ്പെടുത്തുന്നതായും സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.

മുല്ലപ്പള്ളി രാമചന്ദ്രൻ,

കെ.പി.സി.സി പ്രസിഡന്‍റ്

കേരള കോൺഗ്രസ് ചെയർമാൻ കെ.എം.മാണിയുടെ നിര്യാണത്തിൽ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അനുശോചിച്ചു. മികച്ച ഭരണാധികാരിയും തന്ത്രശാലിയുമായ രാഷ്ട്രീയ നേതാവിനെയാണ് യു.ഡി.എഫിന് നഷ്ടമായത്. ദീർഘകാലം ധനകാര്യവകുപ്പ് കയ്യാളിയിരുന്ന അദ്ദേഹം സംസ്ഥാന വികസനത്തിന് മാതൃകപരമായ നിരവധി സംഭാവനകളാണ് നൽകിയത്. എന്നും കർഷക പക്ഷത്ത് നിന്ന് പ്രവർത്തിച്ച നേതാവാണ് അദ്ദേഹം. ദീർഘകാലം നിയമസഭ അംഗമായിരുന്ന കെ.എം.മാണി മരണത്തിന് കീഴടങ്ങുന്നത് വരെ വർധിതവീര്യത്തോടെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. താൻ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത നേതാവ്. ജേഷ്ഠസഹോദര തുല്യനായിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗം ഇത്ര നേരത്തെയുണ്ടാകുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല. കെ.എം.മാണിയുടെ വേർപാട് യു.ഡി.എഫിന് മാത്രമല്ല വ്യക്തിപരമായി തനിക്കും വലിയ നഷ്ടവും വേദനയുമാണ് ഉണ്ടാക്കുന്നത്.

 

കെ.എം.മാണിയുടെ നിര്യാണം രാഷ്ട്രീയത്തില്‍ സൃഷ്ടിച്ചത് ശൂന്യത: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ.എം.മാണിയുടെ അപ്രീക്ഷിത വേര്‍പാട് കേരള രാഷ്ട്രീയത്തില്‍ നികത്താനാകാത്ത ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫിന്‍റെ ശക്തികേന്ദ്രമായിരുന്നു കെ.എം മാണി. യു.ഡി.എഫ് നിര്‍ണായകമായ തിരഞ്ഞെടുപ്പ് പേരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഈ സന്ദര്‍ഭത്തിലാണ് അദ്ദേഹത്തെ നഷ്ടമായിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ വികസനത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും. പ്രതിപക്ഷ നേതാവെന്ന നിലയക്ക് തനിക്ക് വിലപ്പെട്ട പിന്തുണയും ഉപദേശവുമാണ് മാണിസാര്‍ നല്‍കിയിരുന്നത്. രണ്ടു മന്ത്രി സഭകളില്‍ അദ്ദഹവുമായി ഒത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളം കണ്ട ഏറ്റവും മികച്ച പാര്‍ലമെന്‍റേറിയന്മാരില്‍ ഒരാളാണ് കെ.എം മാണി. മികച്ച ധനകാര്യ വിദഗ്ധനും വാഗ്മിയുമായിരുന്നു അദ്ദേഹമെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കേരളത്തിനാകെ നികത്താനാകാത്ത നഷ്ടം : പിണറായി വിജയൻ, മുഖ്യമന്ത്രി

കെ.എം മാണിയുടെ നിര്യാണം മൂലം കേരള കോൺഗ്രസ്സിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണുണ്ടായിട്ടുള്ളത്. പ്രഗത്ഭനായ നിയമസഭാ സമാജികനേയും കേരളത്തിന്‍റെ പ്രശ്‌നങ്ങൾ പഠിച്ചവതരിപ്പിച്ചിരുന്ന ശ്രദ്ധേയനായ രാഷ്ട്രീയ നേതാവിനെയുമാണു നഷ്ടമായിട്ടുള്ളതെന്നു മുഖ്യമന്ത്രി പിണറായി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിനതീതമായി സഭയിലും പുറത്തും എല്ലാവരുടെയും സ്‌നേഹാദരങ്ങൾക്കു പാത്രമായിരുന്നു കെ.എം. മാണി. പുതിയ നിയമസഭാ സമാജികർക്കു മാതൃകയാക്കേണ്ട ഒരുപാടു കാര്യങ്ങൾ അദ്ദേഹത്തിൻറെ വ്യക്തിത്വത്തിലുണ്ട്. കേരളത്തിൻറെ പൊതുതാൽപര്യങ്ങൾ വിശേഷിച്ച്, കർഷകരുടെ താല്പര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള രാഷ്ട്രീയത്തിന് നികത്താനാവാത്ത വിടവ്: കൊടിക്കുന്നില്‍ സുരേഷ്

കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനും കേരള കോണ്‍ഗ്രസ് നേതാവും, യു.ഡി.എഫിന്‍റെ സ്ഥാപക നേതാക്കളിലൊരാളുമായ കെ.എം മാണിയുടെ നിര്യാണത്തില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.
കേരള നിയമസഭയിലെ 54 വര്‍ഷത്തെ ശക്തമായ സാന്നിദ്ധ്യമായിരുന്ന കെ.എം.മാണിയുടെ വിയോഗം കേരള കോണ്‍ഗ്രസിനും, യു.ഡി.എഫിനും മാത്രമല്ല, കേരള രാഷ്ട്രീയത്തിന് തന്നെ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് അനുസ്മരിച്ചു. മികച്ച ഭരണാധികാരി, നിയമസഭാ സാമാജികന്‍, പൊതുപ്രവര്‍ത്തകന്‍ മികച്ച വാഗ്മി എന്നീ നിലകളില്‍ യു.ഡി.എഫിന് നിയമസഭയ്ക്കത്തും പുറത്തും ശക്തമായ നേതൃത്വം നല്‍കിയ കെ.എം.മാണിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തന്നെ തീരാനഷ്ടമാണെന്നും അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. മാണി സാര്‍ എന്ന് ഏവരാലും വിളിക്കപ്പെടുന്ന കെ.എം മാണിയുടെ ദേഹവിയോഗത്തില്‍ അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നതായും കൊടിക്കുന്നില്‍ സുരേഷ് അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

വി.എം സുധീരൻ,

മുന്‍ കെ.പി.സി.സി പ്രസിഡന്‍റ്

ഭാരതം ഉയർത്തിപ്പിടിച്ച ജനാധിപത്യ മൂല്യങ്ങൾക്കെതിരെ കടുത്ത വെല്ലുവിളി ഉയർന്നു വന്നിട്ടുള്ള ഈ നിർണായ ഘട്ടത്തിൽ മാണിസാറിന്‍റെ വേർപാട് ജനാധിപത്യ മതേതര ശക്തികൾക്ക് വലിയ നഷ്ടമാണ് വരുത്തിവച്ചിട്ടുള്ളത്. പാർലമെന്‍ററി രംഗത്തുള്ളവർക്കും ആ രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും അനുകരിക്കാവുന്ന അതുല്യ പാർലമെന്‍ററി പ്രതിഭയായിരുന്നു മാണി സാർ. ഭരണഘടനാ തത്വങ്ങളും നിയമങ്ങളും നിയമസഭാ ചട്ടങ്ങളും ആരോഗ്യകരമായ കീഴ് വഴക്കങ്ങളും ഉദ്ധരിച്ചുകൊണ്ട് നിയമസഭയിൽ ഉയർന്നുവരുന്ന സങ്കീർണങ്ങളായ പ്രശ്‌നങ്ങളിൽ ഇടപെട്ട് മാണിസാർ സംസാരിക്കുമ്പോൾ ആധികാരിക അഭിപ്രായങ്ങളായി പരിഗണിക്കപ്പെട്ടിരുന്നു. ഏത് പ്രതിസന്ധിയെയും പരീക്ഷണങ്ങളേയും അതിജീവിക്കുന്നതിനുള്ള അസാമാന്യമായ കഴിവാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഒരേ നിയോജകമണ്ഡലത്തിൽ നിന്നും തുടർച്ചയായി അരനൂറ്റാണ്ടിലേറെ കാലം നിയമസഭയിലെത്താന കഴിഞ്ഞ അത്യപൂർവത അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. ഭരണാധികാരി എന്ന നിലയിൽ കർഷകർക്കും തൊഴിലാളികൾക്കും സാധാരണ ജനങ്ങൾക്കും പ്രയോജനകരമായ ഒട്ടനവധി ക്ഷേമപ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച് നടപ്പിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കേരളീയ സമൂഹത്തിന് അപരിഹാര്യമായ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പ്രിയപ്പെട്ട മാണി സാറിന്‍റെ ദീപ്തസ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

എം.എം ഹസൻ,
മുൻ കെ.പി.സി.സി പ്രസിഡന്‍റ്

കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ.എം.മാണിയുടെ നിര്യാണം നാടിനും യു.ഡി.എഫിനും തീരാനഷ്ടമാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസൻ. കേരളത്തിന്‍റെ പുരോഗതിയിലും വികസനത്തിലും സുപ്രധാനമായ പങ്കുവഹിച്ച കെ.എം മാണി ജനാധിപത്യ കേരളത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട നേതാവായിരുന്നു. സംസ്ഥാനത്ത് ഏറ്റവും അധികം ബജറ്റുകൾ അവതരിപ്പിച്ച ധനകാര്യമന്ത്രി എന്നനിലയിൽ കേരളത്തിന്‍റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് അവിസ്മരണീയമാണ്. അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കും കർഷകർക്കും വേണ്ടി നിലകൊണ്ട നേതാവ്. കെ.എം മാണിയുടെ നിര്യാണം കേരള കോൺഗ്രസിന് മാത്രമല്ല യു.ഡി.എഫിനും വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും എം.എം ഹസൻ പറഞ്ഞു.

തമ്പാനൂർ രവി,
കെ.പി.സി.സി ജനറൽ സെക്രട്ടറി

കേരള കോൺഗ്രസ് ചെയർമാൻ കെ.എം മാണിയുടെ നിര്യാണത്തിൽ അനുശോചിച്ചു. കേരളം കണ്ട മികച്ച പാർലമെന്‍റേറിയൻ ആയിരുന്നു അദ്ദേഹം. എനിക്ക് അദ്ദേഹത്തോടൊപ്പം ഒരുമിച്ച് നിമയസഭയിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. യു.ഡി.എഫിന്‍റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിൽ മാണി സാർ നൽകിയ സംഭാവനകൾ വലുതാണ്. അദ്ദേഹത്തിന്‍റെ നിര്യാണം യു.ഡി.എഫിന് കനത്ത നഷ്ടമാണ്.

തെന്നല ബാലകൃഷ്ണപിള്ള,
മുൻ കെ.പി.സി.സി പ്രസിഡന്‍റ്

കേരള കോൺഗ്രസ് ചെയർമാൻ കെ.എം.മാണിയുടെ നിര്യാണം യു.ഡി.എഫിന് കനത്ത നഷ്ടമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്‍റ് തെന്നല ബാലകൃഷ്ണപിള്ള. കേരള രാഷ്ട്രീയത്തിൽ പകരം വെക്കാനില്ലാത്ത നേതാവ്. ധനമന്ത്രി എന്നനിലയിലുള്ള അദ്ദേഹത്തിന്‍റെ മികവ് എടുത്തുപറയേണ്ടത്.

കെ.എം മാണി അനിതര സാധാരണമായ വ്യക്തിത്വം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അനിതര സാധാരണമായ വ്യക്തിത്വമായിരുന്നു മാണി സാർ എന്ന് ഏവരും വിളിച്ചിരുന്ന കെ.എം മാണിയെന്ന് കുമ്മനം രാജശേഖരൻ അനുസ്മരിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിരവധി റെക്കോർഡുകൾക്ക് ഉടമയാണ് കെ.എം മാണി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ള ധനമന്ത്രിയെന്ന ഒറ്റ റെക്കോർഡ് മാത്രം മതി അദ്ദേഹത്തിന്‍റെ മഹത്വം അറിയാൻ. രാഷ്ട്രീയത്തിലെ അതികായൻ ആയിരുന്ന കെ.എം മാണിയുടെ വിയോഗം നികത്താനാവാത്തതാണ്. കുടുംബത്തിന്‍റെയും കേരള കോൺഗ്രസ് പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും കുമ്മനം രാജശേഖരൻ അറിയിച്ചു.