മാണിക്യം മണ്ണില്‍ ചേര്‍ന്നു… പാലായുടെ പടത്തലവന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി…

Jaihind Webdesk
Thursday, April 11, 2019

KM-Mani

കോട്ടയം : പാലായുടെ മാണിക്യത്തിന് ജന്മനാടിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കെ.എം മാണിയെന്ന രാഷ്ട്രീയ അതികായന്‍റെ ഭൌതികദേഹം പാലാ കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ജനക്കൂട്ടം ഒഴുകിയെത്തിയതോടെ മൂന്ന് മണിക്ക് നിശ്ചയിച്ച സംസ്കാര ചടങ്ങുകള്‍ 6.40 നാണ് പൂര്‍ത്തിയായത്.

തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ കാണാൻ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പാലായുടെ മണ്ണിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്. അക്ഷരാര്‍ത്ഥത്തില്‍ പാലാ തേങ്ങുകയായിരുന്നു. തങ്ങളുടെ നേതാവിന്‍റെ ഓര്‍മകളില്‍ വിതുമ്പിയ ജനക്കൂട്ടം മാണി സാറിനെ അവസാനമായി ഒരുനോക്കു കാണാന്‍ മണിക്കൂറുകളാണ്  കാത്തുനിന്നത്. 21 മണിക്കൂർ നീണ്ട വിലാപയാത്രയിലും എട്ട് മണിക്കൂ‍ർ നീണ്ട പൊതുദർശനത്തിലും തങ്ങളുടെ മാണി സാറിനെ അവസാനമായി ഒരുനോക്ക് കാണാന്‍ നിറകണ്ണുകളുമായി ജനം തിങ്ങിനിറഞ്ഞു. ഇന്നലെ രാവിലെ 10 മണിയോടെ കൊച്ചിയിൽ നിന്നു പുറപ്പെട്ട വിലാപയാത്ര ഇന്നു രാവിലെ ഏഴ് മണി കഴിഞ്ഞപ്പോഴാണ് പാലായിലെ കരിങ്ങോഴയ്ക്കല്‍ വീട്ടിലെത്തിച്ചേര്‍ന്നത്. വികാരനിര്‍ഭരമായഅന്തരീക്ഷത്തില്‍ മുദ്രാവാക്യം വിളികളോടെ അണികള്‍ തങ്ങളുടെ നേതാവിന്‍റെ ഭൌതികദേഹം വീടിനുള്ളിലേക്ക് ഏറ്റുവാങ്ങി. പ്രത്യേകം സജ്ജീകരിച്ച കെ.എസ്.ആർ.ടി.സി ബസിലായിരുന്നു വിലാപയാത്രയായി ഭൌതികദേഹം എത്തിച്ചത്. പതിനായിരങ്ങളാണ് വിലാപയാത്രയില്‍ അണിചേര്‍ന്നത്.

വൈകിട്ട് മൂന്ന് മണിക്കാണ് സംസ്കാരം നിശ്ചയിച്ചിരുന്നതെങ്കിലും പ്രിയനേതാവിനെ കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തിയതോടെ സമയം നീണ്ടു. ആള്‍ത്തിരക്ക് പരിഗണിച്ച് വൈകിട്ട് മൂന്ന് മണിയോടെയാണ് കരിങ്ങോഴയ്ക്കല്‍ വീടിനോട് വിടചൊല്ലി മൃതദേഹം പാലാ കത്തീഡ്രല്‍ പള്ളിയിലേക്ക് കൊണ്ടുപോയത്. പോകുംവഴിയിലെല്ലാം ഈറന്‍ കണ്ണുകളോടെ ജനം കാത്തുനിന്നു.

രാഷ്ട്രീയ മത-സാംസ്കാരിക നേതാക്കൾ കെ.എം മാണിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. നെട്ടൂര്‍, മരട്, തൃപ്പൂണിത്തുറ, ഉദയംപേരൂര്‍, കാണക്കാരി, ഏറ്റുമാനൂർ, കോട്ടയം, മരങ്ങാട്ടുപള്ളി തുടങ്ങിയ ഇടങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. ഭരണ പ്രതിപക്ഷ നേതാക്കൾ, വിവിധ കക്ഷി നേതാക്കൾ, മതമേലധ്യക്ഷൻമാർ തുടങ്ങിയവരെല്ലാം പാലായുടെ പ്രിയനേതാവിന് അന്തിമോപചാരം അര്‍പ്പിച്ചു.

പാലാ കത്തീഡ്രലില്‍ നടന്ന മരണാനന്തര ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസെപാക്യം, മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ശുശ്രൂഷകള്‍ക്കുശേഷം പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ പാലായുടെ മാണിക്യവും കേരള രാഷ്ട്രീയത്തിലെ ഇതിഹാസവുമായ കെ.എം മാണി എന്ന നാട്ടുകാരുടെ മാണി സാര്‍ അന്ത്യനിദ്രയില്‍ മുഴുകി…[yop_poll id=2]