നിയമസഭാ സമ്മേളനത്തിന് തുടക്കമായി; കെ.എം മാണിക്ക് ആദരമര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു

Jaihind Webdesk
Monday, May 27, 2019

കേരള നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. അന്തരിച്ച മുന്‍മന്ത്രി കെ.എം മാണിക്ക് ആദരമര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ജൂലൈ അഞ്ച് വരെയാണ് സഭാസമ്മേളനം.

പ്രമുഖനായ പാര്‍ലമെന്‍റേറിയനായിരുന്നു കെ.എം മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.

യു.ഡി.എഫിന് കരുത്ത് പകര്‍ന്ന നേതാവായിരുന്നു മാണിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. ചരിത്രം നിര്‍മിച്ച നേതാവായിരുന്നു കെ.എം മാണിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സഭയ്ക്ക് മാതൃകയായ സാമാജികനായിരുന്നു കെ.എം മാണിയെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍ അനുസ്മരിച്ചു.

കക്ഷിനേതാക്കളായ മന്ത്രി ഇ ചന്ദ്രശേഖരന്‍, ഡോ. എം.കെ മുനീർ, സി.കെ നാണു, തോമസ് ചാണ്ടി, ഒ രാജഗോപാല്‍, പി.സി ജോര്‍ജ് തുടങ്ങിയവരും കെ.എം മാണിയെ അനുസ്മരിച്ചു.

ജൂലൈ 5 വരെ നീളുന്ന സമ്മേളനത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലംതന്നെയാവും നിറഞ്ഞു നില്‍ക്കുക. മസാലബോണ്ടും, നവകേരള നിര്‍മ്മാണവും, പ്രളയവും പ്രതിപക്ഷം ഉയർത്തിക്കാട്ടുമ്പോൾ സഭ നിരന്തരം പ്രക്ഷുബ്ദമാകാനാണ് സാധ്യത.

ശബരിമല വിഷയത്തിലെ സർക്കാർ നിലപാടിൽ വലിയ തിരിച്ചടി ലോക്സഭാ തെരെഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നതോടെ ഇടത് മുന്നണിയിൽ കലഹങ്ങൾ രൂക്ഷമാകുന്നതിനിടയിലാണ് പതിനാലാം നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കമായിരിക്കുന്നത്. കേരളം ഭരിക്കുന്നവര്‍ക്ക് സംസ്ഥാനത്തെ മേല്‍കൈയും നഷ്ടപ്പെട്ട പ്രത്യേക സാഹചര്യത്തില്‍ ചേരുന്ന സഭാസമ്മേളനത്തില്‍ രാഷ്ട്രീയം മാത്രമാവും ചര്‍ച്ചചെയ്യപ്പെടുക.

പ്രതീക്ഷിച്ചതിനും അപ്പുറമുള്ള പരാജയത്തെ എങ്ങിനെ വിശദീകരിക്കുമെന്നതാണ് ഭരണപക്ഷത്തെ കുഴയ്ക്കുന്ന ചോദ്യം. എത്ര കനത്ത പരാജയമായാലും ശൈലിയൊന്നും മാറ്റില്ലെന്നും ശബരിമല വിഷയം തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. മുഖ്യമന്ത്രിയുടെ ശൈലിമാറ്റാത്തതാണ് നല്ലതെന്നാണ് പ്രതിപക്ഷം പറയുന്നത്. സംസഥാനത്തെ തിരിച്ചടിയും മറ്റും വിശദീകരിച്ചും ചര്‍ച്ചചെയ്തുമാകും നിയമസഭാ സമ്മേളനത്തിലുടനീളം ഭരണ പ്രതിപക്ഷങ്ങള്‍ മുന്നോട്ട് പോകുക. മസാലബോണ്ടും നവകേരള നിര്‍മാണവും പ്രളയവുമെല്ലാം വരും ദിവസങ്ങളിൽ പ്രതിപക്ഷം സഭയിൽ ഉയർത്തിക്കാട്ടും.