പ്രത്യേക നിയമസഭാ സമ്മേളനം നാളെ; പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കും

Jaihind News Bureau
Monday, December 30, 2019

Kerala-Assembly-1

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാൻ നാളെ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. നിയമസഭയുടെ പൊതുവികാരവും പൗരത്വഭേദഗതിക്ക് എതിരെന്ന് അറിയിക്കുകയാണ് പ്രധാന ലക്ഷ്യം.
അതേ സമയം നിയമം നടപ്പാക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന നോട്ടീസും പ്രതിപക്ഷം സ്പീക്കർക്ക് നൽകി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് പ്രമേയം പാസാക്കാൻ ഇന്നലെ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷമാണ് പ്രത്യേക സഭാ സമ്മേളനമെന്ന നിർദേശം മുന്നോട്ടു വെച്ചത്. പൗരത്വ നിയമ ഭേദഗതിക്ക് കേരളം എതിരെന്ന സന്ദേശം നൽകാൻ സാധ്യമായ എല്ലാ വഴികളും തേടുകയാണ് സംസ്ഥാനം. ചട്ടം 130 അനുസരിച്ച് വിഷയം ചർച്ച ചെയ്യാൻ അനുമതി തേടി വി ഡി സതീശൻ എംഎൽഎ സ്പീക്കർക്ക് നോട്ടീസ് നൽകി.

നിയമം നടപ്പാക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നാണ് പ്രതിപക്ഷ ആവശ്യം. നിയമനിർമാണ സഭകളിൽ ആംഗ്ലോ – ഇന്ത്യൻ സീറ്റ് റദ്ദാക്കിയതിനെതിരെയും സഭകളിൽ പട്ടികജാതി പട്ടിക വർഗ സംവരണം പത്തു വർഷത്തേക്ക് കൂടി നീട്ടിയതിനെ പിന്തുണച്ചും പ്രമേയമുണ്ടാകും. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് ലോക്‌സഭയിലും നിയമസഭകളിലും സംവരണം പത്തു വർഷത്തേക്ക് കൂടി നീട്ടിയ കേന്ദ്ര തീരുമാനത്തിന് നിയമസഭയുടെ അംഗീകാരം നൽകേണ്ടതുണ്ട്. ഇതിനായി സഭാ സമ്മേളനം ചേരും. ഈ സമ്മേളനത്തിൽ പൗരത്വ ബില്ലിനെതിരെ പ്രമേയം പാസാക്കാനാണ് സർക്കാർ നീക്കം. നിയമസഭയുടെ പൊതുവികാരവും നിയമ ഭേദഗതിക്ക് എതിരെന്ന് അറിയിക്കുകയാണ് സർക്കാർ ലക്ഷ്യം.

പുതുവർഷത്തിലാണ് സഭ ചേരുന്നതെങ്കിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും. എന്നാൽ, ഡിസംബർ 31-നുതന്നെ സഭ ചേരാൻ തീരുമാനിച്ചതിനാൽ അതിന്‍റെ ആവശ്യമില്ല.