സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ച നാല് എംഎൽഎമാർക്ക് ശാസന

Jaihind News Bureau
Thursday, November 21, 2019

RameshChennithala-sabha

കഴിഞ്ഞ ദിവസം സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ച നാല് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ നടപടി. നാല് കോൺഗ്രസ് എംഎൽഎമാരെ സ്പീക്കറുടെ ശാസന. എംഎല്‍എമാരായ റോജി എം ജോൺ, ഐ സി ബാലകൃഷ്ണൻ, എൽദോസ് കുന്നപ്പള്ളി, അൻവർ സാദത്ത് എന്നിവർക്കെതിരെയാണ് നടപടി. എന്നാൽ സ്പീക്കറുടെ നടപടിക്കെതിരെ എതിർപ്പുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ താത്കാലികമായി നിർത്തിവച്ചു.

തുടര്‍ന്ന്, യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ഇന്നത്തെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിക്കുന്നതിന്‍റെ ചിത്രങ്ങൾ ഉയർത്തിക്കാട്ടി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തങ്ങളുമായി കൂടിയാലോചിക്കാതെ സ്പീക്കർ നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇന്നലെ പ്രതിപക്ഷ അംഗങ്ങൾ ഡയസിൽ കയറിയ ഉടൻ സ്പീക്കർ ഇറങ്ങിപ്പോയിരുന്നു. ഒരു സമവായത്തിലേക്ക് നീങ്ങുമെന്നു കരുതിയെങ്കിലും ഇത്തരം പ്രതിഷേധങ്ങൾ അനുവദിച്ച് കൊടുക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് സ്വീകരിച്ചതോടെയാണ് സ്പീക്കർ നടപടി സ്വീകരിക്കാന്‍ കാരണം.