സാലറി ചലഞ്ചിൽ പൂർണ്ണമായും സഹകരിക്കാം. പ്രളയ ഫണ്ടിൽ തട്ടിപ്പ് നടത്തി കൊറോണയുടെ മറവിൽ വിലസുന്ന CPM നേതാക്കൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണം : റോജി എം ജോണ്‍

Jaihind News Bureau
Tuesday, March 31, 2020

സർക്കാരിന്‍റെ സാലറി ചലഞ്ചിനോട് പൂർണ്ണമായും സഹകരിക്കാമെന്ന് റോജി എം. ജോൺ എംഎൽഎ. എന്നാല്‍ അതിന് മുമ്പായി പ്രളയ ഫണ്ടിൽ തട്ടിപ്പ് നടത്തി കൊറോണയുടെ മറവിൽ വിലസുന്ന സിപിഎം നേതാക്കൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി കൊവിഡ്-19 പ്രതിരോധത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ സംഭാവന തേടിയത്. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് ജീവനക്കാരുടെ സംഘടനയുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. പ്രളയ ദുരന്തം കേരളത്തെ തച്ചുടച്ചപ്പോള്‍ വിസമ്മത പത്രവും മറ്റും വാങ്ങി ശമ്പളം പിരിച്ചെങ്കിലും നിരവധി സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട് ഫണ്ട് വകമാറ്റിയും മറ്റും വ്യാപകമായ തട്ടിപ്പുകള്‍ നടത്തുകയും ഇത് വിവാദമാവുകയും ചെയ്ത സാഹചര്യത്തില്‍ ഇത്തവണ പരസ്യമായ ആവശ്യപ്പെടലോ വിസമ്മതപത്രം ആവശ്യപ്പെടലോ ഉണ്ടാകില്ല.

കൊവിഡ്-19 പടർന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇതൊരു ദുരന്തമായി പ്രഖ്യാപിച്ചതോടെ ദുരന്തനിവാരണ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇത് സർക്കാരിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സര്‍ക്കാർ ഇക്കാര്യങ്ങളെല്ലാം മുന്‍നിര്‍ത്തിയാണ് ജീവനക്കാരുടെ സഹായം തേടിയിരിക്കുന്നത്.

റോജി എം. ജോൺ എംഎൽഎയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കാണാം…

സാലറി ചലഞ്ചിൽ പൂർണ്ണമായും സഹകരിക്കാം. പ്രളയ ഫണ്ടിൽ തട്ടിപ്പ് നടത്തി കൊറോണയുടെ മറവിൽ വിലസുന്ന CPM നേതാക്കൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണം.

#Covid19 #Corona #StayHome