ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്‍റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക്

Jaihind Webdesk
Sunday, July 21, 2019

അന്തരിച്ച ഡൽഹി കോൺഗ്രസ് അധ്യക്ഷയും മുൻ ഡൽഹി മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിതിന്‍റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ഓടു കൂടി നിഗംബോധ് ഘട്ടിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഇന്നലെ ആറ് മണിയോടെ നിസാമുദ്ദീനിലെ വസതിയിൽ എത്തിച്ച ഭൗതിക ദേഹത്തിൽ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, പ്രധാന മന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ സമൂഹത്തിന്‍റെ നാനാ തുറയിലുള്ളവർ അന്തിമോപചാരം അർപ്പിച്ചു.

ഷീല ദീക്ഷിതിന്‍റെ നിര്യാണത്തിൽ രാജ്യത്തെ പ്രമുഖ നേതാക്കൾ അനുശോചിച്ചു. വിയോഗം ഹൃദയം തകര്‍ക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, എ.ഐ.സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗങ്ങളായ എ.കെ ആന്‍റണി, ഉമ്മന്‍ചാണ്ടി, സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങി നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി. ഡൽഹിയുടെ വികസനത്തിന് ഷീലാ ദീക്ഷത്ത് നൽകിയ വലിയ സംഭാവനകളെ നേതാക്കൾ അനുസ്മരിച്ചു.

ഷീലാ ദീക്ഷിത്തിനോടുള്ള ആദരസൂചകമായി ഡല്‍ഹിയില്‍ രണ്ട് ദിവസത്തെ ദുഃഖാചരണം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കുമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.