കേരളത്തിന്‍റെ മനസ് കീഴടക്കിയ ഷീലാ ജി… നെഞ്ചില്‍ സൂക്ഷിച്ചത് കേരളത്തോടുള്ള ഇഷ്ടം

Jaihind Webdesk
Saturday, July 20, 2019

Sheila Dikshit

വളരെ കുറഞ്ഞ കാലയളവിൽ മാത്രമേ ഷീലാ ദീക്ഷിത് ഗവർണറായി കേരളത്തിലുണ്ടായിരുന്നെങ്കിലും കേരളീയരുടെ മനസ് കീഴടക്കിയാണ് അവർ മടങ്ങിയത്. 2014 മാർച്ചിലാണ് ഷീലാ ദീക്ഷിത് കേരള ഗവർണറായി അധികാരത്തിലേറിയത്. കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി അവർ അടുത്ത സൗഹൃദമാണ് പുലർത്തിയിരുന്നത്.

കേരളത്തിന്‍റെ പ്രകൃതിസൗന്ദര്യം, സംസ്‌കാരം, ഭക്ഷണം എല്ലാം ഷീലാ ദീക്ഷിത്തിന് ഏറെ പ്രിയങ്കരമായിരുന്നു കേരളത്തിലെ മിക്കവാറും എല്ലാ ഭക്ഷണത്തിന്‍റെയും രുചി അറിഞ്ഞു. ചിലതൊക്കെ പാചകം ചെയ്യാനും അവർ പഠിച്ചു. ഗവർണറായിരിക്കെ എറ്റവും ജനകീയ ഗവർണറായിരുന്നു ഷീലയെന്ന് രാജ്ഭവൻ ജീവനക്കാർ പറയുന്നു. ഗവർണറായിരുന്ന കാലയളവിൽ തിരുവനന്തപുരത്തെ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനും അവർ സമയം കണ്ടെത്തിയിരുന്നു. ഗവർണറായതിന് ശേഷം ഒറ്റത്തവണയാണ് അവർ ഡൽഹിയിലേക്ക് പോയത്. അതും പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി മാത്രം.

ഓണം വരെ കേരളത്തിൽ തങ്ങണമെന്ന് ഷീലാ ദീക്ഷിത് ആഗ്രഹിച്ചിരുന്നു, എന്നാൽ അത് നടന്നില്ല. സംസാര പ്രിയരെന്നാണ് അവർ മലയാളികളെ വിശേഷിപ്പിച്ചത്. മലയാളികൾ അന്യരോട് നല്ല പരിഗണനയാണ് കാട്ടുന്നത്. കേരളീയരുടെ കഠിനാധ്വാനത്തെയും അവർ വിലമതിച്ചു.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ കേരളീയരുടെ സാന്നിധ്യവും അവർ എടുത്തുപറഞ്ഞിരുന്നു. കേരളത്തോട് ഉള്ള സ്നേഹം മുഖ്യമന്ത്രിയിരുന്ന കാലയളവിൽ ഡൽഹി മലയാളികളോടും അവർ പങ്കുവെച്ചിരുന്നു. കേരളത്തിൽ വീടുപണിത് ഇവിടെ താമസിക്കാനും ഷീല ആഗ്രഹിച്ചിരുന്നു. ഇത് കേരളത്തോടുള്ള അവരുടെ സ്നേഹം വ്യക്തമാകുന്നു.

കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി ഊഷ്മളമായ സൗഹൃദമാണ് ഷീലയ്ക്ക് ഉണ്ടായിരുന്നത്. എ കെ ആന്‍റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കളുമായി വ്യക്തിപരമായ സൗഹൃദം അവർ കാത്തു സുക്ഷിച്ചിരുന്നു. ഡൽഹി നിയമസഭാ തെരഞ്ഞടുപ്പ് പ്രചാരണ വേളയിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ സജീവ സാന്നിധ്യം അവർ ഉറപ്പാക്കിയിരുന്നു. ഷീലാ ദീക്ഷിത്തിന്‍റെ വിയോഗത്തിലൂടെ കേരളത്തെയും മലയാളികളെയും സ്നേഹിച്ച നേതാവിനെയാണ് നഷ്ടമാകുന്നത്.

teevandi enkile ennodu para