യാദൃശ്ചികമായി രാഷ്ട്രീയപ്രവേശം; നേതൃപാടവത്താല്‍ അനിഷേധ്യയായി ഷീല…

Jaihind Webdesk
Saturday, July 20, 2019

യാദൃശ്ചികമായാണ് ഷീല ദീക്ഷിത്ത് രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. സ്വാതന്ത്ര്യ സമര സേനാനിയും മുൻ കേന്ദ്രമന്ത്രിയുമായ ഉമാശങ്കർ ദീക്ഷിത്തിന്‍റെ മരുമകളായി എത്തിയതോടെയാണ് അവർ സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ഡൽഹിയുടെ ചരിത്രത്തിൽ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷീല ദീക്ഷിത്.

1938 മാർച്ച് 31 ന് പഞ്ചാബിലെ കപൂർത്തലയിൽ ജനിച്ച ഷീല ദീക്ഷിത് ന്യൂഡൽഹിയിലാണ് സ്കൂൾ വിദ്യാഭ്യാസം നേടിയത്. യംഗ് വുമൺസ് അസോസിയേഷൻ ചെയർ പേഴ്സണായിരിക്കെ ഡൽഹിയിൽ വനിതകൾക്കായി രണ്ട് ഹോസ്റ്റൽ സ്ഥാപിച്ചു. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാ ഗാന്ധി അവരുടെ ഭരണമികവ് തിരിച്ചറിഞ്ഞ് വനിതകളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിന് യു.എന്നിലേക്ക് പ്രതിനിധിയായി അയച്ചു. 1984-ൽ യു.പിയിലെ കനൗജിൽനിന്നാണ് അവർ ആദ്യമായി ലോക്സഭയിലേക്ക് ജയിച്ചത്. 1986 മുതൽ 89 വരെ കേന്ദ്രസഹമന്ത്രിയായി പ്രവർത്തിച്ചു. 1998 മുതൽ 2013 വരെ 15 വർഷം ഡൽഹി മുഖ്യമന്ത്രി. 2003-ൽ  കേരള ഗവർണറായി നിയമിച്ചു.

ഇക്കഴിഞ്ഞ  ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ പാർട്ടിയെ നയിക്കാൻ  ഷീലയക്ക്  പി.സി.സി അധ്യക്ഷയുടെ ചുമതല നൽകി. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കോൺഗ്രസിന് ലോക്സഭയിലേക്ക് ഒരു സീറ്റിലും ജയിക്കാനായില്ലെങ്കിലും നാലിടത്ത് രണ്ടാമതെത്താൻ കോൺഗ്രസിന് കഴിഞ്ഞു. നോർത്ത് ഈസ്റ്റ് ഡൽഹി സീറ്റിൽ മത്സരിച്ചെങ്കിലും മനോജ് തിവാരിയോട് ഷീല പരാജയപ്പെട്ടു. രാഷ്ട്രീയത്തിലെത്തിയത് മുതൽ മരിക്കുന്നത് വരെ അവർ തികഞ്ഞ കോൺഗ്രസുകാരിയായിരുന്നു. പലരും പല പാർട്ടികളിൽ അഭയം പ്രാപിച്ചിട്ടും ഷീല അടിയുറച്ച  കോൺഗ്രസുകാരിയായി അവസാനം വരെ നിലകൊണ്ടു. പാർട്ടിയുടെ  ഉയർച്ചയിലും താഴ്ചയിലും ഷീല  കോൺഗ്രസിന് ഒപ്പമായിരുന്നു. ഡൽഹി കോൺഗ്രസിലെ നിർണായക ഘടകമായിരുന്നു ഷീല ദീക്ഷിത്.

മികച്ച ഭരണാധികാരി കൂടിയായ ഷീല തുടർച്ചയായി മൂന്ന് തവണ ഡൽഹിയിൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കുകയും മുഖ്യമന്ത്രിയാവുകയും ചെയ്തു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനായി ഡൽഹിയിൽ  പാർട്ടിയെ സജീവമാക്കുന്നതിനിടെയാണ് ഷീലയുടെ ആ പ്രതീക്ഷിത വിയോഗം. പരേതനായ വിനോദ് ദീക്ഷിത്താണ് ഷീല ദീക്ഷിത്തിന്‍റെ ഭർത്താവ്. മുൻ എം.പി കൂടിയായ സന്ദീപ് ദീക്ഷിത്ത് മകൻ. ലതിക ദീക്ഷിത് സെയ്ദ് മകളാണ്.