മാണി സാർ ഇനി മനസുകളിൽ…

Jaihind Webdesk
Tuesday, April 9, 2019

K.M Mani

കെ.എം മാണിയെന്ന രാഷ്ട്രീയ അതികായൻ വിടവാങ്ങുമ്പോൾ സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരേടാണ് അവസാനിക്കുന്നത്. കർഷകർക്കും സാധാരണക്കാർക്കും വേണ്ടി കേരളകോൺഗ്രസിലൂടെ ശബ്ദമുയർത്തിയ കെ.എം മാണിയെന്ന മനുഷ്യൻ കേരള രാഷ്ട്രീയത്തിൽ പുതിയ അധ്യായമാണ് രചിച്ചത്. കോട്ടയം ഡി.സി.സി ജനറൽ സെ്രകട്ടറിയായിരുന്ന കെ.എം മാണി പി.റ്റി ചാക്കോയുടെ മരണത്തോടെ കെ.എം ജോർജ്ജിനൊപ്പം കേരള കോൺഗ്രസിലെത്തുകയായിരുന്നു. 1965ൽ പാലയായിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് പരാജയമറിഞ്ഞിട്ടില്ല. തുടർച്ചയായി 13 തവണയാണ് പാലായെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. ധനം, റവന്യൂ, നിയമം ആഭ്യന്തരം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്ത അദ്ദേഹം ബഹുമുഖപ്രതിഭയായിരുന്നു.

12 മന്ത്രിസഭകളിൽ അംഗമായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതൽ തവണ മന്ത്രിയും എം.എൽ.എയുമായ അദ്ദേഹം കേരള നിയമസഭയിൽ എം.എൽ.എയായി 50 വർഷം പൂർത്തികരിച്ചിരുന്നു. പാലായുടെ ഹുദയത്തുടിപ്പുകൾ തിരിച്ചറിഞ്ഞ കെ.എം മാണിയെ മാണിസാർ എന്ന് സംബോധന ചെയ്തു കൊണ്ടാണ് കേരളം ഹൃദയത്തിലേറ്റിയത്. പാലായിലെ ജനങ്ങളുടെ സങ്കടത്തിലും, സന്തോഷത്തിലും ഓടിയെത്തുന്ന ഏവർക്കും പ്രിയങ്കരനായ മാണിസാറിനെ അവർക്ക് മറക്കാനാവില്ല. നിയമസഭാംഗവും മന്ത്രിയുമൊക്കെയായിരുന്നുവെങ്കിലും പാലായിലെ സാധാരണക്കാർക്കൊപ്പമായിരുന്നു കെ.എം മാണിയുടെ മനസ്.

ഏറ്റവുമൊടുവിൽ കെ.എം മാണി ധനമന്ത്രിയായിരിക്കുമ്പോൾ കൊണ്ടുവന്ന കാരുണ്യ ലോട്ടറി വഴിയുള്ള വരുമാനം സമൂഹത്തിലെ പാവപ്പെട്ടവരുടെയും അശരണരുടെയും ചികിത്സയ്ക്കായി ഉപയോഗിക്കാനായത് ആർക്കും മറക്കാനാവില്ല. കർഷകർക്കൊപ്പം നിന്ന് അവരുടെ പ്രശ്‌നങ്ങളിലിടപെട്ട് അതിന് ഭരണനിർവ്വഹണത്തിലൂടെ പരിഹരം നിർദ്ദേശിക്കുകയും ചെയ്തിരുന്നു. കേരള രാഷ്ട്രീയത്തിലെ അപൂർവ്വ പ്രതിഭാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഏക രാഷ്ട്രീയ നേതാവായ കെ.എം മാണിയെ കേരളത്തിന് ഒരിക്കലും മറക്കാനാവില്ല. ജനാധിപത്യത്തിൽ സമ്പൂർണ്ണമായ മിടുക്കും സാമർത്ഥ്യവും പ്രകടമാക്കിയ കെ.എം മാണി സഭാതലത്തിലും ഏറെ ശോഭിച്ചു. സഭയ്ക്കുള്ളിലും പുറത്തും കുറിക്കു കൊള്ളുന്ന മറുപടി പ്രയോഗത്തിലൂടെ രാഷ്ട്രീയ എതിരാളികളെ മലർത്തിയടിക്കാൻ മാണിക്കുള്ള കഴിവ് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.

അധ്വാന വർഗ സിദ്ധാന്തത്തിലൂടെ പ്രാദേശിക തലത്തിലെ കർഷകരുടെ പ്രശ്‌നങ്ങൾ ലോകമാകെ ചർച്ച ചെയ്യപ്പെടുന്ന രീതിയിലേക്ക് ഉയർത്തിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കൃഷിയും രാഷ്ട്രീയവും കൂട്ടിക്കലർത്തി മലയോര ജില്ലകളിലടക്കം കേരളകോൺ്രഗസിന്‍റെ മുഖദ്രയായി പടർന്നു കയറിയ കെ.എം മാണി സംസ്ഥാനത്തിന്‍റെ പ്രദേശിക രാഷ്ട്രീയ ചരിത്രത്തിലെ ഒരു ഇതിഹാസമായിരുന്നു. സ്വയം വളർന്ന് പടർന്ന് പന്തലിച്ച കെ.എം മാണിയെന്ന വടവൃക്ഷം തണൽ പടർത്തി പാലായുടെയും കേരളത്തിന്‍റെ യും മനസുകളിൽ ഇനിയും ജീവിക്കും. വിടവാങ്ങിയത് പാലായുടെ മാണിക്യം മാത്രമല്ല കേരള രാഷ്ട്രീയ ചരിത്രത്തിലെ മറക്കാനാവാത്ത ഒരു മാനവികതയുടെ ഭാവം കൂടിയാണ്…