തിൻമയ്ക്ക് മേൽ നൻമ നേടിയ വിജയം… രാജ്യം ദീപാവലി ആഘോഷത്തില്‍

Jaihind Webdesk
Tuesday, November 6, 2018

ഇന്ന് ദീപാവലി. ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷം അഞ്ച് നാളുകൾ നീളുന്നുവെങ്കിൽ ദക്ഷിണേന്ത്യയിൽ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ.

തിൻമയ്ക്ക് മേൽ നൻമ നേടിയ വിജയമാണ് ദീപാവലിയായി ആഘോഷിക്കുന്നത്. കാർത്തിക മാസം കൃഷ്ണപക്ഷ ചതുർദശി ദിവസമാണ് നരകചതുർദശിയായി ആഘോഷിക്കുന്നത്. നരകാസുരന്റെ വധവുമായി ബന്ധപ്പെട്ടതാണ് ദീപാവലി ആഘോഷത്തിന്റെ ഐതിഹ്യം. രാത്രിയെ പകലാക്കി ആകാശത്ത് വർണ്ണങ്ങൾ നിറയുന്ന ഉത്സവം. ഐതിഹ്യങ്ങൾ ഒരുപാട് ഉണ്ടെങ്കിലും ദീപാവലിക്കായി നാടാകെ ഒരുങ്ങിക്കഴിഞ്ഞു.

പടക്കം പൊട്ടിക്കുന്നതിന് സുപ്രീംകോടതിയുടെ സമയനിയന്ത്രണം ഉണ്ടെങ്കിലും ഒട്ടും മങ്ങലേറ്റിട്ടില്ല ഇത്തവണ ദീപാവലിക്ക്. ദീപാവലി ദിവസം രാത്രി എട്ട് മണി മുതൽ പത്ത് മണിവരെയാണ് പടക്കം പൊട്ടിക്കാൻ അനുവദിച്ചിട്ടുള്ള സമയം. കേരളത്തിൽ താമസിക്കുന്ന ഉത്തരേന്ത്യാക്കാരും വിപുലമായ രീതിയിലാണ് ദീപങ്ങളുടെ ഉത്സവത്തെ ആഘോഷിക്കുന്നത്. പടക്കം പൊട്ടിച്ചും ദീപമൊരുക്കിയും മധുരപലഹാരങ്ങൾ വിതരണം ചെയതും നാടെങ്ങും ദീപാവലിയുടെ ലഹരിയിലാണ്.