ലൈംഗിക ആരോപണം നേരിടുന്ന പി.കെ ശശിക്കൊപ്പം വേദി പങ്കിടാനില്ലെന്ന് എം.ടി വാസുദേവന്‍ നായര്‍

Jaihind Webdesk
Saturday, December 15, 2018

MT-VasudevanNair-P.K-Sasi

ലൈംഗിക പീഡനക്കേസില്‍ ആരോപണം നേരിടുന്ന പി.കെ. ശശി എംഎല്‍എയുമായി വേദി പങ്കിടാന്‍ വിസമ്മതിച്ച് എം ടി വാസുദേവന്‍ നായര്‍.  സംസ്ഥാന സര്‍ക്കാരിന്‍റെ സര്‍ഗവിദ്യാലയം പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് എംടി പിന്മാറിയത്.

ആരോപണ വിധേയനായ എംഎല്‍എയ്ക്കൊപ്പം വേദി പങ്കിടുന്നതിലുള്ള വൈമുഖ്യമാണ് പിന്മാറ്റത്തിന് കാരണമെന്നാണ്  റിപ്പോര്‍ട്ട്. പീഡന ആരോപണ വിധേയനൊപ്പം വേദി പങ്കിടുന്നതിനെതിരെ എംടിക്ക് നിരവധി കത്തുകള്‍ ലഭിച്ചിരുന്നുവെന്നും ഇതിന്‍റെ പശ്ചാത്തലത്തിലാണ് പിന്മാറാന്‍ തീരുമാനിച്ചതെന്നും എംടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

പാലക്കാട് വെള്ളിനേഴി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കാനിരുന്ന  പരിപാടിയുടെ ഉദ്ഘാടകനായാണ് എംടിയെ നിശ്ചയിച്ചിരുന്നത്.  എന്നാല്‍ പികെ ശശി അധ്യക്ഷത വഹിക്കുന്ന ചടങ്ങിലേയ്ക്ക് വരാനാകില്ലെന്ന് അദേഹം പരിപാടിയുടെ സംഘാടകരെ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറുന്നതെന്നാണ് സംഘാടകര്‍ അറിയിച്ചിട്ടുള്ളത്.