സിപിഎം-സിപിഐ തർക്കവും ലൈംഗിക ആരോപണവും സിപിഎമ്മിന് തലവേദനയാകും

Jaihind Webdesk
Thursday, March 21, 2019

തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിനിടെ പാലക്കാട് ജില്ലയിലെ സിപിഎം സിപിഐ തർക്കവും ലൈംഗിക ആരോപണവുമായി നിൽക്കുന്ന പി.കെ ശശിയുടെ അസാന്നിധ്യവും തിരഞ്ഞെടുപ്പ് വേളയിൽ സിപിഎമ്മിന് വലിയ തലവേദനയാകും.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ചൂടുപിടിച്ചതോടെ പാലക്കാട്ട് ഇടതുമുന്നണി അങ്കലാപ്പിലാവുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് സിപിഐമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും സി.പി.ഐ കേന്ദ്രങ്ങളായ അട്ടപ്പാടി, തച്ചമ്പാറ, കുമരംപുത്തൂര്‍, തെങ്കര, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളില്‍ ചേരിപ്പോര് ഇപ്പോഴും രൂക്ഷമാണ്. കഴിഞ്ഞ ദിവസം നടന്ന കുമരംപുത്തൂര്‍ പഞ്ചായത്ത് ഇടതുമുന്നണി കണ്‍വന്‍ഷന്‍ സി.പി.ഐ ബഹിഷ്‌കരിക്കുകയുണ്ടായി.

വി.എസ്-പിണറായി ഗ്രൂപ്പിസത്തിന്‍റെ കേന്ദ്രമായിരുന്ന പാലക്കാട്ട് ഇടവേളക്ക് ശേഷം പി.കെ. ശശിയുടെ ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ടാണ് വിണ്ടും ഗ്രൂപ്പിസം മറനീക്കി രംഗത്തെത്തിയത്. ജില്ലയില്‍ ആര്‍ക്കും ചോദ്യം ചെയ്യാനാവാതെ പാര്‍ട്ടി പിടിച്ചടക്കിയിരുന്ന പി.കെ ശശിയെ പുറത്താക്കിയതിന് പിന്നില്‍ സ്ഥലം എം.പിയുടെ നേതൃത്വത്തിലായിരുന്നുവെന്ന് അന്നു തന്നെ പരക്കെ പാർട്ടിക്ക് അകത്തും പുറത്തും ആരോപണം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയോട് മോശമായ സംസാരിച്ച ഓഡിയോ കൂടി പുറത്തുവരികയും വലിയ വാര്‍ത്തയാവുകയും ചെയതതോടെയാണ് പിന്നീട് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍റ് ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി നിര്‍ബന്ധിതരായത്. ഇത്തരത്തിലുള്ള കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് എം.പിയാണെന്നാണ് ശശി വിഭാഗത്തിന്റെ ആരോപണം. പാര്‍ട്ടിയില്‍ പിടിമുറുക്കിയ ശശി അടുത്ത തവണ ജില്ലാ സെക്രട്ടറിയാവാനുള്ള നീക്കങ്ങള്‍ നടത്തുന്നതിടെയാണ് ലൈംഗിക വിവാദത്തോടെ പതനമുണ്ടായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട്ട് സി.പി.ഐ സ്ഥാനാര്‍ത്ഥിയും ജില്ലാ സെക്രട്ടറിയുമായ കെ.പി സുരേഷ് രാജിനെ പരാജയപ്പെടുത്താന്‍ സി.പി.എമ്മിലെ പ്രമുഖര്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് സിപിഎം സിപിഐ പോര് മണ്ണാർക്കാട് കേന്ദ്രീകരിച്ച് ജില്ലയിൽ രൂക്ഷമാകുന്നത്. ശശിയെ അനുകൂലിക്കുന്ന വിഭാഗവും സിപിഐയും തിരിച്ചു തിരഞ്ഞെടുപ്പിൽ പണി കൊടുക്കുമെന്ന ഭയത്തിലാണ് സിപിഎം ജില്ലാ നേതൃത്വം.