സിപിഎം കേന്ദ്രകമ്മിറ്റി പിന്തുണച്ചെങ്കിലും ‘ശശി’ പാര്‍ട്ടിയ്ക്ക് ബാധ്യതയാകുമോ?

Jaihind Webdesk
Monday, December 17, 2018

P.K-Sasi-MLA

പി.കെ.ശശിക്കെതിരായ നടപടി സിപിഎം കേന്ദ്രകമ്മിറ്റി ശരിവെച്ചെങ്കിലും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ തലവേദന അവസാനിക്കുന്നില്ല. എതിര്‍പ്പുമായി നില്‍ക്കുന്ന വി.എസ്.അച്യുതാനന്ദനും പരാതിക്കാരിയായ ഡിവൈഎഫ്ഐ വനിതാനേതാവിന്‍റെ അതൃപ്തിയും പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് തന്നെയാണ് വിദഗ്ദ്ധരുടെ നിരീക്ഷണം. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് എന്ന പ്രഖ്യാപനത്തോടെ വര്‍ഗ്ഗീയ സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നട മതി ക്കുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടി

പി.കെ.ശശിയെ ആറുമാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു സസ്പെൻഡ് ചെയ്തെങ്കിലും ഇതില്‍ അണികളില്‍ അതൃപ്തിയുണ്ട്. മാത്രമല്ല കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ള ചില ദുഃസൂചനകള്‍ പരാതിക്കാരിയേയും ഒപ്പമുള്ളവരേയും പ്രകോപിപ്പിക്കുന്നുണ്ട്. പരാതിക്കാരിയും സാക്ഷികളും ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമെന്ന് റിപ്പോര്‍ട്ടില്‍ അക്കമിട്ടുനിരത്തുന്നതിനൊപ്പം, സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന സൂചനകൂടി നല്‍കുന്ന റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വം ഇരയ്ക്കൊപ്പമല്ല വേട്ടക്കാരനൊപ്പം എന്ന ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണെന്ന് ആരോപണമുണ്ട്.

പരാതിക്കാരിയായ യുവതി വീണ്ടും കേന്ദ്രനേതൃത്വത്തെ സമീപിക്കുകയും വിഎസ് സംസ്ഥാന നേതൃത്വത്തിന്‍റെ സമീപനത്തിനെതിരെ കത്ത് നല്‍കുകയും കുറ്റക്കാരനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടെങ്കിലും കേന്ദ്രകമ്മിറ്റി സംസ്ഥാന നേതൃത്വത്തിനൊപ്പം നില്‍ക്കുകയാണ് ചെയ്തത്. എന്നാല്‍ മറുത്തുള്ള ചില അഭിപ്രായങ്ങള്‍ കേന്ദ്രകമ്മിറ്റിയിലും ഉയരുന്നു എന്നതും പാര്‍ട്ടിയില്‍ ആശങ്കയ്ക്ക് വഴിവയ്ക്കുന്നതാണ്.