ശശി വിഷയം സിപിഎമ്മിൽ പുകയുന്നു; ശശിയെ സംരക്ഷിച്ച് കേന്ദ്രകമ്മറ്റി; യെച്ചൂരിക്ക് അതൃപ്തി

Jaihind Webdesk
Monday, December 17, 2018

PK-Sasi

പികെ ശശിക്കെതിരായ നടപടി കേന്ദ്രകമ്മിറ്റി ശരിവെച്ചു. പെൺകുട്ടിയുടെ പരാതി പുനപരിശോധിക്കില്ല. ഇതോടെ പരാതിക്ക് പാർട്ടിയിൽ പ്രസക്തി ഇല്ലാതായി. എന്നാൽ ശശിയെ തിരിച്ചെടുക്കുമ്പോൾ പാർട്ടി സ്ഥാനങ്ങൾ നൽകരുതെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി.

പെൺകുട്ടിയുടെ പരാതി കേന്ദ്രകമ്മിറ്റിയിൽ നേരത്തെ വെച്ചിരുന്നു. നടപടി പുന:പരിശോധിക്കണമെന്ന ആവശ്യം കമ്മിറ്റിയിൽ ഉയർന്നില്ല. ഇതോടെ ശശിക്കെതിരായ നടപടിയിൽ പുന:പരിശോധനയില്ലെന്ന കാര്യം ഉറപ്പായി. ശശിയെ ആറ് മാസം സസ്‌പെൻഡ് ചെയ്ത നടപടിയാണ് കേന്ദ്ര കമ്മിറ്റി ശരിവെച്ചത്.

അന്വേഷണ കമ്മീഷൻ റിപ്പോർട്ട് തെറ്റാണെന്ന് കാട്ടി പീഡനത്തിന് ഇരയായ പെൺകുട്ടി കേന്ദ്രകമ്മിറ്റിക്ക് ഇന്നലെ വീണ്ടും പരാതി നൽകിയിരുന്നു.എന്നാൽ കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് ശരിവച്ചതോടെ പെൺകുട്ടിയുടെ പരാതിക്ക് പാർട്ടിക്കുള്ളിൽ ഇനി പ്രസക്തി ഇല്ലാതായി.

അതേസമയം ശശി വിഷയത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അതൃപ്തനാണ്. സസ്‌പെൻഷൻ കാലാവധി കഴിഞ്ഞ് തിരിച്ചെടുക്കുമ്പോൾ അച്ചടക്ക നടപടി നേരിട്ട കാലത്തെ പെരുമാറ്റം തൃപ്തികരമെങ്കിൽ ശശിക്ക് പ്രാഥമിക അംഗത്വം മാത്രമേ നൽകാവൂ എന്നും ശശിയെ ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ച് കൊണ്ടു വരരുതെന്നും യച്ചൂരി നിർദ്ദേശിച്ചു. കേന്ദ്രകമ്മിറ്റിയുടെ അവസാന സെഷനിലാണ് ഇത് സംബന്ധിച്ച ചർച്ച വന്നത്. സംസ്ഥാന ഘടകം എടുത്ത അച്ചടക്കനടപടി കേന്ദ്രകമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. എതിർപ്പുകൾ ഉയരാതിരുന്നതിനാൽ ഇത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ഒന്നും നടന്നില്ല. എന്നാൽ, ശശിയുടെ വിഷയം റിപ്പോർട്ട് ചെയ്യുമ്പോൾ തനിക്ക് പരാതി ലഭിച്ച കാര്യം യച്ചൂരി കേന്ദ്ര കമ്മിറ്റിയെ അറിയിക്കുകയായിരുന്നു.ഏതായാലും ശശി വിഷയം വരുംദിനങ്ങളിലും പാർട്ടിയിൽ പുകയുമെന്നുറപ്പാണ്.