ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ ഘടകത്തിൽ പൊട്ടിത്തെറി

Jaihind Webdesk
Monday, June 17, 2019

PK-Sasi

ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ ഘടകത്തിൽ പൊട്ടിത്തെറി. പി കെ ശശി എം.എൽ.എയക്ക് എതിരെ ലൈംഗിക പീഡന പരാതി നൽകിയ ഡി.വൈ.എഫ്.ഐ വനിത നേതാവ് സംഘടനാ ചുമതലകളിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ കൂടുതൽ പേർ രാജിക്ക് ഒരുങ്ങുന്നവന്നാണ് സുചന. അതേസമയം വനിതാ നേതാവിന് ഒപ്പം ഉറച്ച നിന്ന ഡി.വൈ.എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജിനേഷിനെ തരം താഴ്ത്തിയ നടപടിയും പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. വനിതാ നേതാവ് പരസ്യ പ്രതികരണത്തിന് തയ്യാറാകുമെന്നും സുചനയുണ്ട്

പി.ശശി വിഷയം പാലക്കാട് സിപിഎമ്മിൽ വീണ്ടും കലഹം ഉയർത്തുകയാണ്.ശശിക്ക് എതിരെ ഉള്ള പരാതിയിൽ വനിതാ നേതാവിന് ഒപ്പം ഉറച്ച് നിന്ന ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജിനേഷിനെ സംഘടനാ പുനസംഘടനയുടെ മറവിൽ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തരംതാഴ്‌ത്തിയിരുന്നു. ഇതിന് എതിരെ ജിനേഷ് രംഗത്ത് വന്നു. ഇത് പ്രതികാര നടപടിയാണെന്നും തന്നെ അവഹേളിക്കുന്നതിന് തുല്യമാണെന്നുമാണ് ജിനേഷിന്‍റെ നിലപാട് ഇങ്ങനെ സംഘടനാ ചുമതലകളിൽ തുടരാനാവില്ലെന്ന് പാർട്ടി ജില്ലാ ഘടകത്തെ ജിനേഷ് അറിയിച്ചു. ജിനേഷിന് പുറമെ വിഷയത്തിൽ പ്രതിഷേധമുള്ള നിരവധി പേ‌ർ തങ്ങളുടെ സംഘടനാ ചുമതലകൾ രാജിവയ്‌ക്കാൻ ഒരുങ്ങുകയാണ് രണ്ട് ദിവസമായി നടന്ന ഡി.വൈ.എഫ്.ഐ ജില്ലാ പഠന ക്യാമ്പിന് മുന്നോടിയായാണ് ജില്ലാ സെക്രട്ടേറിയറ്റ് ചേർന്ന് പുനഃസംഘടന നടത്തിയത്. അതേസമയം, എം.എൽ.എക്കെതിരെ പരാതി നൽകിയ ശേഷം സംഘടനയുടെ വിവിധ ഘടകങ്ങളിലെ അംഗങ്ങളിൽ നിന്ന് താൻ നിരന്തരം വേട്ടയാടൽ അനുഭവിക്കുകയായിരുന്നുവെന്ന് വനിത നേതാവ് ആരോപിക്കുന്നു. പരാതി നൽകിയ തനിക്കൊപ്പം നിന്നത് ചുരുക്കം അംഗങ്ങളായിരുന്നു. തനിക്ക് അനുകൂലമായ നിലപാടെടുത്തതിന്‍റെ പേരിൽ മണ്ണാർക്കാട് നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. സംഘടനാ വേദികളിലും സമൂഹമാദ്ധ്യമങ്ങളിലും തന്നെ അവഹേളിക്കുകയും എം.എൽ.എയെ അനുകൂലിക്കുകയും ചെയ്ത മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടറിയെ പുനസംഘടനയ്ക്ക് ശേഷം ജില്ലാ വൈസ് പ്രസിഡന്‍റാക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് രാജിവയ്ക്കാൻ തീരുമാനിച്ചതെന്ന് വനിത നേതാവ് വ്യക്തമാക്കി.

എന്നാൽ പി.കെ ശശിക്കെതിരെ സിപിഎം ദേശീയ – സംസ്ഥാന നേതൃത്വത്തിന് പീഡന പരാതി നൽകിയ വനിതാ നേതാവിനെ തള്ളി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം രംഗത്തെത്തി. ഏതെങ്കിലും പാർട്ടി അംഗത്തിനെതിരെയോ പാർട്ടി നടപടിക്കെതിരെയോ പരാതിയുണ്ടെങ്കിൽ നിർദ്ദിഷ്‌ട ഘടകത്തിലാണ് അത് ഉന്നയിക്കേണ്ടത്. പെൺകുട്ടി ഇതുവരെ ഒരു പരാതിയും ഡി.വൈ.എഫ്.ഐയോട് പറഞ്ഞിട്ടില്ല. പാലക്കാട് ജില്ലാ ഘടകത്തിൽ നിന്നും ചിലരെ ഒഴിവാക്കിയത് മറ്റ് ചില പ്രശ്‌നങ്ങൾ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.