നാടകത്തിൽ അഭിനയിക്കാനായെത്തിയ വിദ്യാർത്ഥികളെ ആക്രമിച്ച സംഭവം : സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ ഉൾപ്പടെ അഞ്ച് പേർ അറസ്റ്റില്‍

Jaihind News Bureau
Wednesday, February 5, 2020

പയ്യന്നൂരിൽ കണ്ടൽബോധവൽക്കരണ നാടകത്തിൽ അഭിനയിക്കാനായെത്തിയ വിദ്യാർത്ഥികളെ ആക്രമിച്ച സംഭവത്തിൽ സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ ഉൾപ്പടെയുള്ള അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിമംഗലം സ്വദേശികളായ എം.പി മനോഹരൻ, സി. പവിത്രൻ, എ.വി ആകാശ്, പി.സി മനോജ്, എം. സതീശൻ എന്നിവ രെയാണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. എടാട്ട് തുരുത്തിയിൽ കണ്ടൽ പഠന കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം ബോധവൽക്കരണ നാടകത്തിൽ അഭിനയിക്കാനെത്തിയ വിദ്യാർത്ഥിനികൾ അടക്കമുള്ള സംഘത്തെ പ്രദേശത്തുകാരായ എട്ടംഗ സംഘമാണത്രെ സദാചാര പോലീസ് ചമഞ്ഞ് മർദ്ദിച്ചത്. മർദ്ദനത്തിൽ അരവഞ്ചാൽ സ്വദേശി അഭിജിത്, കുഞ്ഞിമംഗലത്തെ വിമൽ എന്നിവരടക്കം പരിക്കേറ്റ 5 ഓളം വിദ്യാർത്ഥികൾ പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. അഭിജിത്തിന്‍റെ പരാതിയിൽ പോലീസ് എട്ട് പേർക്കെതിരെ കേസെടുത്തിരുന്നു.