തൊടുപുഴയിലെ എഴുവയസ്സുകാരന്റെ കൊലപാതകം: അമ്മ കസ്റ്റഡിയില്‍

Jaihind Webdesk
Friday, May 10, 2019

തൊടുപുഴയില്‍ ഏഴുവയസ്സുകാരനെ അമ്മയുടെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയില്‍. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കുറ്റകൃത്യം മറച്ചുവച്ചതിനും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
അമ്മയ്‌ക്കെതിരെയും കേസെടുക്കാന്‍ തൊടുപുഴ പൊലീസിന് ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശം നല്‍കിയിരുന്നു. അമ്മയുടെ ആണ്‍സുഹൃത്തിന്റെ മര്‍ദനമേറ്റ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി പിന്നീടു മരിച്ചു. കുട്ടിയുടെ നാലുവയസ്സുള്ള അനുജനെയും മാതാവിന്റെ സുഹൃത്തായ അരുണ്‍ ആനന്ദ് ആക്രമിച്ചിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്. മരിച്ച കുട്ടിയുടെ സഹോദരന്റെ മൊഴിയെ തുടര്‍ന്നാണു കമ്മിറ്റി തീരുമാനമെടുത്തത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പ്രധാന സാക്ഷിയാക്കി അരുണ്‍ ആനന്ദിനെ മാത്രം പ്രതിയാക്കാനായിരുന്നു പൊലീസ് നീക്കം. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് പൊലീസാണെന്നും കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജോസഫ് അഗസ്റ്റിന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇളയ കുട്ടി ട്രൗസറില്‍ മൂത്രമൊഴിച്ചതു കണ്ട് അരുണ്‍ മൂത്ത കുട്ടിയെ വിളിച്ചുണര്‍ത്തി മര്‍ദിക്കുകയായിരുന്നു. ആദ്യം അടിവയറ്റില്‍ ആഞ്ഞു ചവിട്ടി. ചുവരില്‍ തലയിടിച്ചുവീണ കുട്ടിയെ കട്ടിലിലേക്കെടുത്തു വീണ്ടും വലിച്ചെറിഞ്ഞു. അപ്പോള്‍ സ്റ്റീല്‍ അലമാരയുടെ മൂലയില്‍ ഇടിച്ചാണു തലയോട്ടി ഒന്നരയിഞ്ച് നീളത്തില്‍ പൊട്ടിയത്. പിന്നെ കുട്ടിയുടെ തല പിടിച്ച് കട്ടിലിന്റെ കാലില്‍ ഇടിപ്പിച്ചു. നിലത്തുവീണ കുട്ടിയെ പലതവണ തൊഴിച്ചു. പലമുറികളിലൂടെ വലിച്ചിഴച്ചു. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയുമായി പുലര്‍ച്ചെ 3.55ന് ആശുപത്രിയെത്തുകയായിരുന്നു.