ബധിരയും മൂകയുമായ ദളിത് വിദ്യാത്ഥിനിയുടെ മരണത്തിൽ ദുരൂഹത; 11കാരിയുടെ മരണത്തിന് കാരണം ഹോസ്റ്റൽ അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ

Jaihind News Bureau
Saturday, February 8, 2020

ബധിരയും മൂകയുമായ 11 വയസുകാരി ദളിത് വിദ്യാത്ഥിനിയുടെ മരണത്തിൽ ദുരൂഹത. കോഴിക്കോട് തോട്ടുമുക്കം സ്വദേശി കരിങ്ങത്തടത്തിൽ അനീഷിന്‍റെ ഇളയ മകൾ അനു ആണ് ദുരുഹ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണമടഞ്ഞത്. സ്കൂൾ ഹോസ്റ്റൽ അധികൃതരുടെ അനാസ്ഥയാണ് മരണം എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ബധിരരും മൂകരും പഠിക്കുന്ന സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു അനു. രണ്ട് ദിവസം മുൻപാണ് അനു സ്കൂൾ ഹോസ്റ്റലിൽ തലകറങ്ങി വീണു എന്ന കാരണം പറഞ്ഞു കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും കഠിനമായ ശ്വാസം മുട്ടലും അനുഭവപെട്ടു. തുടർന്ന് രണ്ട് ദിവസം അനുവിനെ വെന്റിലേറ്ററിൽ ചികിത്സ നൽകി. കുട്ടിയെ പരിശോധിച്ച ഡോക്ടർക്ക് വിഷയത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് പോലീസിൽ അറിയിക്കുകയും മരണത്തെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുകയും ചെയ്തു.

കാരണങ്ങൾ അന്വേഷിച്ചെത്തിയ ബന്ധുക്കൾ അനുവിന്‍റെ സഹോദരി ഉൾപ്പെടെ മറ്റു കുട്ടികളിൽ നിന്നു അറിഞ്ഞത് ഹോസ്റ്റലിൽ ഉണ്ടാകാറുള്ള ക്രൂര മർദ്ദനങ്ങളാണ്. രാവിലെ മുതൽ ഛർദി ഉണ്ടായിരുന്ന കുട്ടിയെ ശ്രദ്ധിക്കാനോ സമയത്തിന് ആശുപത്രിയിൽ കൊടുപോകാനോ അധികൃതർ തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

സ്കൂളിന്‍റെ ഈ അനാസ്ഥയിൽ നിയമനടപടികളുമായി മുന്നോട്ടു പോകുകയാണ് ബന്ധുക്കൾ.