കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Jaihind News Bureau
Monday, March 23, 2020

കേരളം മുഴുവന്‍ ഇന്ന് അർദ്ധരാത്രി മുതല്‍ സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു. അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. പൊതു ഗതാഗതം ഉണ്ടാകില്ല. പെട്രോൾ പമ്പ് ഉണ്ടാകും. ഹോട്ടലുകള്‍ തുറക്കില്ല. എന്നാല്‍ ഹോം ഡെലിവറി ഉണ്ടാകും. ആവശ്യ സാധനങ്ങൾ ഉറപ്പാക്കും. സാമൂഹിക ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ / നിരീക്ഷണത്തിൽ ഉള്ളവർ പുറത്ത് ഇറങ്ങിയാൽ നടപടി. ഇവരുടെ മൊബൈല്‍ ടവർ ലൊക്കേഷൻ നിരീക്ഷിക്കുമെന്നും അവശ്യ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ ജില്ലയിലും കോവിഡ് ആശുപത്രി സജ്ജമാക്കും. ആരോഗ്യപ്രവർത്തകരുടെ സേവനം ലഭ്യമാക്കുന്നതിന് അവർക്കായി താമസസൗകര്യം ഒരുക്കും. നിരീക്ഷണത്തിലുള്ളവർക്ക്‌ താമസ സ്ഥലത്ത് ഭക്ഷണം എത്തിക്കും. നോട്ടുകളും കോയിനുകളും അണു വിമുക്തമാക്കും. ഇക്കാര്യം റിസർവ് ബാങ്കിനെ അറിയിക്കും. ബാങ്കുകളുടെ പ്രവർത്തനം 2 മണി വരെയായി ചുരുക്കും.

അതേസമയം, ബിവറേജ് ഔട്ട് ലെറ്റ്‌ പൂട്ടില്ല എന്നാല്‍ നിയന്ത്രണം വേണ്ടി വന്നാൽ ഉണ്ടാകും. സർക്കാർ ഓഫീസിൽ ഇനിയും ജീവനക്കാരെ കുറയ്ക്കും. അവശ്യ ജോലിക്കു മാത്രം ജീവനക്കാരെ വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസർകോട് കർക്കശമായ നടപടിയിലേക്ക് നീങ്ങുമെന്നും അനാവശ്യമായി പുറത്ത് ഇറങ്ങിയാൽ അറസ്റ്റ് ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മറ്റു സംസ്ഥാനത്തുനിന്നും വരുന്നവർ 14 ദിവസം നിരീക്ഷണത്തിലായിരിക്കും. കാസർകോട് രാവിലെ 11 മുതൽ വൈകിട്ട് 5 വരെ കടകൾ പ്രവർത്തിക്കും. ആൾക്കൂട്ടം കർശനമായി നിയന്ത്രിക്കും. ഇതിനായി 144 ഉൾപ്പെടെ പ്രയോഗിക്കാം.

മാധ്യമ പ്രവർത്തനം ദുഷ്കരമാണ്. മുൻകരുതൽ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് വാർത്തകൾ ശേഖരിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കും. എന്നാൽ രോഗബാധ ഉണ്ടാവാതിരിക്കാനുള്ള നടപടികൾ മാധ്യമപ്രവർത്തകർ സ്വയം സ്വീകരിക്കണം. ഇതേക്കുറിച്ച ചർച്ച ചെയ്യാൻ നാളെ മാധ്യമമേധാവികളുമായി ഒരു വീഡിയോ കോൺഫറൻസിംഗ് നടത്തും.