ശബരിമലയും ജലീലും ശശിയും പ്രളയാനന്തര കേരളവും: ഉത്തരം മുട്ടി സർക്കാരും മുന്നണിയും, സഭാ സമ്മേളനത്തിന് നാളെ തുടക്കം

B.S. Shiju
Monday, November 26, 2018

Kerala-Assembly-2

പതിനാലാം കേരളനിയമസഭയുടെ പതിമൂന്നാം സമ്മേളനം നാളെ തുടങ്ങാനിരിക്കെ വിവിധ വിഷയങ്ങളിൽ ഉത്തരംമുട്ടി ഇടതു സർക്കാർ. നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളന കാലയളവിലാവും ഭരണപരമായും രാഷ്ട്രീയമാവും സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന പ്രതിഷേധത്തിന് പ്രതിപക്ഷം സഭയ്ക്കുള്ളിൽ തുടക്കം കുറിയ്ക്കുന്നത് .  ചോദ്യോത്തരവേള മുതൽ സഭാതലം കടുത്ത പ്രതിഷേധങ്ങൾക്കാവും സാക്ഷ്യം വഹിക്കുക. പ്രളയത്തിൽ തകർന്ന സംസ്ഥാനത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ലെന്ന വസ്തുത ചോദ്യങ്ങളിലൂടെ ഉയർത്തിയാവും പ്രതിപക്ഷം സഭയിൽ പ്രതിഷേധങ്ങൾക്ക് തുടക്കം കുറിക്കുക.

സർക്കാർ ഉദ്യോഗസ്ഥരുടേതടക്കം ഒരുമാസത്തെ ശമ്പളം പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയിരുന്നു. ഇതിനു പുറമേ നിരവധി സംഘടനകളും പ്രളയാനന്തര കേരളത്തിന്‍റെ പുനർ നിർമാണത്തിന് സംഭാവന നല്‍കിയിരുന്നു. എന്നിട്ടും പുനർനിർമാണം ഇതേവരെ ഫലപ്രദമായി നടന്നിട്ടില്ല. ഇതുയർത്തിയാവും പ്രതിപക്ഷം സർക്കാരിനെ പ്രധാനമായും കടന്നാക്രമിക്കുക. പ്രളയാനന്തര കേരളത്തിന്‍റെ പുനർനിർമാണ ഫണ്ടിന്‍റെ കണക്കുകളിലെ അവ്യക്തതയും പ്രതിപക്ഷം ചൂണ്ടിക്കാട്ടും. സർക്കാരിന്‍റെഎകോപനമില്ലായ്മയും ചർച്ചയാവും. സംസ്ഥാനത്തിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കാത്ത കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെതിരെയും സഭയിൽ ശബ്ദമുയരും. പുനർ നിർമാണ പ്രവർത്തങ്ങൾക്ക് വിദേശസഹായം സ്വീകരിക്കരുതെന്ന കേന്ദ്ര നിർദേശവും മന്ത്രിമാരുടെ വിദേശയാത്ര അനുമതി നിഷേധിക്കലും പ്രതിഷേധങ്ങൾക്ക് കാരണമാവും. ഇതിനിടെ കെ.പി.എം.ജിയെ പുനർനിർമാണത്തിന്‍റെ കൺസൾട്ടൺസിയായി ഉയർത്തിക്കാട്ടി നടത്തിയ നീക്കവും സർക്കാരിന് തിരിച്ചടിയായിരുന്നു. കൃത്യമായ പഠനങ്ങൾ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പോലും കെ.പി.എം.ജിക്ക് കഴിയാതെ പോയ സാഹചര്യവും എന്തടിസ്ഥാനത്തിലാണ് ഇവരെ പഠനങ്ങൾ ഏൽപിച്ചതെന്നും സർക്കാർ വിശദീകരിക്കേണ്ടി വരും. നിലവിൽ പുനര്‍നിർമാണ പ്രവർത്തനങ്ങൾ പരാജയമായ സാഹചര്യത്തിൽ അതേക്കുറിച്ചുയരുന്ന ചോദ്യങ്ങൾക്ക് മുമ്പിൽ സർക്കാർ അടിപതറുമെന്ന വിലയിരുത്തലാണ് പ്രതിപക്ഷത്തിനുള്ളത്.

യുവതീപ്രവേശന വിധിയും ശബരിമല പ്രതിഷേധങ്ങളും

ശബരിമലയിൽ യുവതീപ്രവേശനത്തിന് വഴിതെളിച്ച് പുറത്തുവന്ന സുപ്രീം കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ കാട്ടിയ അനാവശ്യ ധൃതിയും സമ്മേളനകാലയളവിൽ ചർച്ചയാവും. വിശ്വാസിസമൂഹത്തിനൊപ്പം നിലയുറപ്പിക്കാതെ വിധി നടപ്പാക്കാൻ ഇറങ്ങിപ്പുറപ്പെട്ട സർക്കാർ ഊരാക്കുടുക്കിലാണ്. വിധി നടപ്പാക്കലിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ദീർഘകാലമായുള്ള ശബരിമലയിലെ ആചാരക്രമങ്ങൾ പരിഗണിക്കാതെ വിശ്വാസങ്ങൾക്ക് പോറലേൽക്കുന്ന തരത്തില വിധി നടപ്പാക്കാനാവില്ലെന്ന നിലപാടാണ് കോൺഗ്രസിനും യു.ഡി.എഫിനുമുള്ളത്. ഇതിന്‍റെ അടിസ്ഥാനത്തിൽ യു.ഡി.എഫ് സംഘടിപ്പിച്ച അഞ്ച് മേഖലാ ജാഥകളിലുമുള്ള പൊതുസമൂഹത്തിന്‍റെ പങ്കാളിത്തം സർക്കാരിനെയും സി.പി.എമ്മിനെയും വിറളിപിടിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ സർക്കാരിനെ കാത്തിരിക്കുന്നത് ഗുരുതര വിമർശനങ്ങളാണ്. യുവതീപ്രവേശന വിഷയത്തിൽ ഇതുവരെ നിലപാട് തുറന്നുപറയാതിരുന്ന ഇടത് എം.എൽ.എമാരിൽ പലർക്കും അവരുടെ നിലപാട് വ്യക്തമാക്കേണ്ടി വരും . സി.പി.എമ്മിലെയും സി.പി.ഐയിലേയും യുവ-വനിതാ എം.എൽ.എമാരുടെ നിലപാടുകളും കേരളം കാത്തിരിക്കുകയാണ്. ശബരിമലയുമായി പ്രത്യക്ഷത്തിൽ ബന്ധപ്പെട്ടു കിടക്കുന്ന മണ്ഡലങ്ങളായ ആറന്മുള, ചെങ്ങന്നൂർ, റാന്നി, പന്തളം എന്നിവിടങ്ങളിലെ എം.എൽ.എമാരായ വീണ ജോർജ്, സജി ചെറിയാൻ, രാജു ഏബ്രഹാം , ചിറ്റയം ഗോപകുമാർ എന്നിവർക്കും നിലപാട് സഭയിൽ പരസ്യമാക്കേണ്ടി വരും. ഇതോടൊപ്പം വിശ്വാസി സമൂഹത്തിന്റെ സമരത്തെ ഹൈജാക്ക് ചെയ്ത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച ബി.ജെ.പി – ആർ.എസ്.എസ് – സംഘപരിവാർ സംഘടനകളുടെ ഗൂഢതന്ത്രത്തിനും സഭയിൽ വിമർശനമേൽക്കേണ്ടി വരും. ശബരിമല വിഷയം മുൻ നിർത്തി ബ.ജെ.പി – സംഘപരിവാർ ശക്തികൾക്ക് വേരോട്ടമുണ്ടാക്കാൻ സർക്കാർ നടത്തിയ രഹസ്യനീക്കത്തിന്‍റെ പിന്നിലെ കാര്യങ്ങളും പരസ്യമായേക്കും. ശബരിമല ബി.ജെ.പിക്ക് സുവർണാവസരമാണെന്നുള്ള പാർട്ടി അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ വാദത്തിനും, വിഷയത്തിൽ തുടർച്ചയായുള്ള നിലപാടു മാറ്റത്തിനും കടുത്ത വിമർശനം ഏൽക്കേണ്ടി വരുന്നതോടെ ബി.ജെ.പിയും പ്രതിരോധത്തിലാവും.

സർക്കാരിന് തലവേദനയായി ജലീലും ശശിയും കള്ളക്കടത്ത് കേസിലെ ഇടത് എം.എൽ.എമാരും

മന്ത്രി കെ.ടി ജലീലിന്‍റെ ബന്ധുനിയമന വിവാദവും ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരായ പീഡനാരോപണങ്ങളും സർക്കാരിനെ കൂടുതൽ ദുർബലമാക്കിയ സാഹചര്യത്തിൽ പുറത്തുവന്ന ഇടത് എം.എൽ.എമാരായ പി.ടി.എ റഹീമിന്‍റെയും കാരാട്ട് റസാഖിന്‍റെയും കള്ളക്കടത്ത് മാഫിയ ബന്ധങ്ങളും സർക്കാരിനെയും പാർട്ടിയെയും ഒരുപോലെ കുഴക്കുകയാണ്. ഇതിന് എന്ത് മറുപടി പറയണമെന്നത് സംബന്ധിച്ച് സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടില്ല. രാഷ്ട്രീയമായ ന്യായീകരണങ്ങൾ പോലും വിഷയത്തിൽ നിലനിൽക്കില്ലെന്ന വസ്തുതയാണ് സർക്കാരിനെയും സി.പി.എമ്മിനെയും ഒരേപോലെ ആശങ്കയിലാഴ്ത്തുന്നത്. ഇതിനിടെ സി.പി.എമ്മിനെ രാഷ്ട്രീയമായി ഏറെ പ്രതിരോധത്തിലാക്കിയ പി.കെ ശശിക്കെതിരായ പീഡനാരോപണവും സി.പി.എമ്മിനെ തിരിഞ്ഞു കൊത്തുകയാണ്. ഡി.വൈ.എഫ്.ഐ വനിതാനേതാവിന്‍റെ പരാതിയിൽ പാർട്ടി നിയമിച്ച അന്വേഷണ കമ്മീഷൻ നടത്തുന്ന അന്വേഷണം തന്നെ പ്രഹസനമാണെന്നുള്ള വാദത്തിൽ പ്രതിപക്ഷം ഉറച്ചു നിൽക്കുകയാണ്. സി.പി.എമ്മിന് സമർപ്പിച്ച അന്വേഷണക്കമ്മീഷൻ റിപ്പോർട്ടിൽ ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്ന കണ്ടെത്തെലും ഏറെ പരിതാപകരമായി. ശശി നടത്തിയത് തീവ്രപീഡനമല്ലെന്ന കണ്ടെത്തെലും പൊതുസമൂഹത്തിനു മുന്നിൽ സി.പി.എമ്മിനെ നാണം കൊടുത്തും. ഇതിന്‍റെ അലയൊലികൾ സഭയ്ക്കുള്ളിലും പ്രതിപക്ഷമുയർത്തും.

മന്ത്രിയായ കെ.ടി ജലീലിന്‍റെ ബന്ധുവായ കെ.ടി അദീപിന്‍റെ നിയമനക്കാര്യത്തിൽ ജലീലിനൊപ്പം നിലയുറപ്പിച്ചിട്ടുള്ള സി.പി.എം ദുർബലമായ വാദങ്ങളാവും ജലീലിനെ രക്ഷിക്കാൻ നടത്തുക. വിഷയത്തിൽ ഇടതുമുന്നണിക്കുള്ളില്‍ തന്നെ അതൃപ്തി പുകയുന്നുണ്ട്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് പുറത്തുവിട്ട തെളിവുകൾ ഒന്നടങ്കം ജലീലിനെതിരെ സംസാരിക്കുന്ന തെളിവുകളായി നിലനിൽക്കുമ്പോഴാണ് സർക്കാർ സാങ്കേതികത്വത്തിൽ കടിച്ചുതുങ്ങി ജലീലിനൊപ്പം നിലയുറപ്പിച്ചിരുക്കുന്നത്. ഇക്കാര്യത്തിൽ ജലീലിൽ നടത്തിയ പത്രസമ്മേളനം അദ്ദേഹത്തിനു തന്നെ കുരുക്കായി മാറിയിരുന്നു. ഓരോ തവണയും ഇതിനെ ന്യായീകരിച്ച് രംഗത്തെത്തുന്ന ഇടതു സർക്കാർ കൂടുതൽ കുരുക്കിലേക്ക് നീങ്ങുന്നതോടെ സഭയിലും സർക്കാരിന് ജലീലിനെ ന്യായീകരിക്കേണ്ടി വരും. വിഷയത്തിൽ വസ്തുതകൾ ഒന്നൊന്നായി പുറത്തുവന്നതോടെ പ്രതിപക്ഷത്തിന് അവരുടെ പണി എളുപ്പമാവുകയും ചെയ്യും. ജലീൽ വിഷയം സഭ പ്രക്ഷുബ്ധമാക്കുന്ന പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കാനാണ് സാധ്യത.