സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം നിലച്ചെന്ന് പ്രതിപക്ഷം

Jaihind News Bureau
Monday, November 11, 2019

പദ്ധതി വിഹിതം വെട്ടിക്കുറച്ചത് മൂലം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം നിലച്ചതായി പ്രതിപക്ഷം നിയമസഭയിൽ. വരുമാനത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുമ്പോൾ വാർഷിക പദ്ധതി പൂർണമായും നടപ്പാക്കാൻ സാധിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. എല്ലാം വിഴുങ്ങുന്ന ബകൻ ഉദ്യോഗസ്ഥൻ അല്ല തോമസ് ഐസക് ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി.

തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വിഹിതം വെട്ടിക്കുറച്ചതിനെതിരെയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കഴിഞ്ഞവർഷം ക്യൂവിൽ ഉണ്ടായിരുന്നു ബില്ലുകൾ ഈ വർഷത്തെ പദ്ധതി വിഹിതത്തിൽ ഭാഗമാക്കി മാറ്റിയതോടെയാണ് ഫണ്ട് വിഹിതം കുറഞ്ഞതെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ കെ.സി.ജോസഫ് ആരോപിച്ചു. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ സ്തംഭിച്ചിരിക്കയാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നിസഹായനാണെന്നും, ധന വകുപ്പ് പദ്ധതികൾ എല്ലാം വിഴുങ്ങുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ റിവൈസ് ചെയ്തത് സർക്കാർ ഉത്തരവിലൂടെയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് മറുപടി നൽകി. വരുമാനത്തിൽ 20 നായിരം കോടി കുറവ് വരുന്നതിലൂടെ പല പദ്ധതികളും നടപ്പാക്കാനായില്ലെന്നും തോമസ് ഐസക് പറഞ്ഞു.

വാക്കുകളുടെ കസർത്തു മാത്രമാണ് ധനമന്ത്രി നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പൊതുമരാമത്തു മന്ത്രി പറഞ്ഞ പദ്ധതി വിഴുങ്ങുന്ന ബകൻ ഉദ്യോഗസ്ഥരല്ല, മറിച്ചു ധനമന്ത്രി ആണെന്നും ചെന്നിത്തല പരിഹസിച്ചു.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോയി.