പൗരത്വ പ്രതിഷേധ സമരങ്ങളില്‍ SDPI പോലെയുള്ള തീവ്രവാദ സംഘടനകള്‍ നുഴഞ്ഞുകയറുന്നെന്ന് മുഖ്യമന്ത്രി ; SDPI യുടെ പിന്തുണ വാങ്ങിയത് ആരാണെന്ന് ജനങ്ങൾക്കറിയാമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Monday, February 3, 2020

RameshChennithala-sabha

തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത നടപടിയെച്ചൊല്ലി സഭയിൽ പ്രതിപക്ഷ പ്രതിഷേധം. നിയമാനുസൃതം പ്രതിഷേധിച്ച ആർക്കുമെതിരെ സംസ്ഥാനത്ത് കേസെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, എസ്.ഡി.പി.ഐ പോലുള്ള തീവ്രവാദ സംഘടനകൾ സമരങ്ങളിൽ നുഴഞ്ഞുകയറി പ്രതിഷേധങ്ങളെ വഴിതിരിച്ചു വിടാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചു. എസ്.ഡി.പി.ഐയുടെ പിന്തുണ വാങ്ങിയത് ആരാണെന്ന് ജനങ്ങൾക്കറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിൽ ചൂണ്ടിക്കാട്ടി.

അങ്കമാലി മഹല്ല് കമ്മിറ്റി നടത്തിയ മാർച്ചിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തത് സംബന്ധിച്ച റോജി എം ജോണിന്‍റെ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പൗരത്വ നിയമഭേദഗതിക്കെതിരായി സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് സർക്കാർ നയമല്ലെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. അന്യായമായി ആർക്കുമെതിരെ കേസ് എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ എസ്.ഡി.പി.ഐ നടത്തുന്നുവെന്നായിരുന്നു
മുഖ്യമന്ത്രിയുടെ പ്രതികരണം.

പാർട്ടി നേതാവ് എസ്.ഡി.പി.ഐ വേദി പങ്കിടുന്നത് ഏവരും കണ്ടതാണെന്നും യു.പിയിലെ നടപടി കേരളത്തിൽ നടപ്പിലാക്കാൻ സമ്മതിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ മുഖ്യമന്ത്രി എസ്.ഡി.പി.ഐക്കെതിരെ ആരോപണം ഉന്നയിക്കുന്നത് പൊലീസ് വീഴ്ച മറച്ചുവെക്കാനാണെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്ത് എത്തിയതോടെ സഭാതലം ഭരണ-പ്രതിപക്ഷ വാക്പോരിൽ മുങ്ങി.