നിയമസഭയുടെ സമ്പൂർണ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം ; വിവിധ വിഷയങ്ങളില്‍ സഭ പ്രക്ഷുബ്ധമായേക്കും

Jaihind News Bureau
Sunday, March 1, 2020

Kerala-Niyama-sabha

 

തിരുവനന്തപുരം : നിയമസഭയുടെ സമ്പൂർണ ബജറ്റ് സമ്മേളനം നാളെ തുടങ്ങും. സി.എ.ജി റിപ്പോർട്ടിൽ പോലീസ് തലപ്പത്തെ അഴിമതിയാരോപണങ്ങൾ, ലൈഫ് മിഷൻ പദ്ധതിയിലെ തട്ടിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രതിപക്ഷം ഉന്നയിക്കും. സഭാ സമ്മേളനം തുടക്കം മുതൽ പ്രക്ഷുബ്ധമാകാനാണ് സാധ്യത. ഏപ്രിൽ എട്ട് വരെയാണ് സഭ ചേരുന്നത്.

സർക്കാരിന്‍റെ ഭരണപരാജയത്തിൽ പ്രക്ഷോഭം തുടരുന്ന പ്രതിപക്ഷം നിയമസഭയിലും ശക്തമായ പ്രതിഷേധം ഉയർത്തും. നാളെ രാവിലെ ചോദ്യോത്തര വേളയിലുൾപ്പെടെ സി.എ.ജി റിപ്പോർട്ട് ഉയർന്നുവരാനാണ് സാധ്യത. പ്രതിപക്ഷാംഗങ്ങൾ നോട്ടീസ് നൽകിയ ചോദ്യങ്ങളിലേറെയും പൊലീസ് തലപ്പത്തെ ആരോപണ വിവാദങ്ങളെ ചൊല്ലിയുള്ളതാണ്. സർക്കാർ കൊട്ടിഘോഷിക്കുന്ന ലൈഫ് മിഷൻ പദ്ധതിയിലെ തട്ടിപ്പ് ഉൾപ്പെടെ സഭയിൽ ചർച്ചയാകും. ബജറ്റിലെ പാളിച്ചകളും സഭ ചർച്ച ചെയ്യും.

നാളെ തുടങ്ങുന്ന സഭാസമ്മേളനം ഒന്നര മാസത്തോളം നീളും. പതിനഞ്ച് ദിവസം മുമ്പായിരുന്നു സഭാ സമ്മേളനം അവസാനിച്ചത്. സമ്പൂർണ ബജറ്റ് പാസാക്കാനാണ് നാളെ മുതൽ ഏപ്രിൽ എട്ട് വരെയായി സഭ ചേരുന്നത്. നാളെ നടപ്പ് വർഷത്തെ അവസാന പാദത്തിലേക്കുള്ള സബ്മിഷനും വോട്ടെടുപ്പുമാണ്. ചൊവ്വാഴ്ച മുതൽ 13 ദിവസക്കാലം പുതിയ ബഡ്ജറ്റിന്‍റെ വകുപ്പ് തിരിച്ചുള്ള സബ്മിഷനും നടക്കും. സമ്പൂർണ ബഡ്ജറ്റ് പാസാക്കുന്നതിന്‍റെ നടപടിക്രമങ്ങൾ മാർച്ച് 30 ഓടെയാണ് പൂർത്തിയാവുക. 2020-21 ബഡ്ജറ്റിനെ സംബന്ധിക്കുന്ന ധനവിനിയോഗ ബിൽ അന്നാണ് പരിഗണിക്കുക. 2020ലെ ധനകാര്യബില്ലും സഭ പാസാക്കും. സർക്കാർ കാര്യങ്ങൾക്കായി നീക്കിവെച്ച ഏഴ് ദിവസങ്ങളിൽ കാര്യോപദേശകസമിതി തീരുമാനിക്കുന്നത് പ്രകാരമുള്ള ബില്ലുകൾ പരിഗണിക്കും.