മാധ്യമനിയന്ത്രണം: അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി

Jaihind Webdesk
Thursday, December 6, 2018

Kerala-Assembly-2

മാധ്യമ നിയന്ത്രണ സർക്കുലറിനെതിരെ നിയമ സഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. മാധ്യമങ്ങളെ നിയന്ത്രിച്ചുകൊണ്ട് നൽകുന്ന സൗകര്യങ്ങൾ പ്രതിപക്ഷത്തിന് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിൽ വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങി പോയി.

മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിട്ട സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ സി ജോസഫ് എം.എൽ.എയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. മറ്റ് സംസ്ഥാനങ്ങളിൽ വിലക്കുണ്ടാകുമ്പോൾ എതിർക്കുന്ന സി.പി.എം കേരളത്തിൽ മാധ്യമങ്ങളെ വിലക്കുന്നു. സർക്കുലർ പുറത്തിറക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ബി.ജെ.പിയുടേയും മോദിയുടേയും വഴിയാണ് പിണറായിയുടെ യാത്രയെന്നും കേരളത്തിൽ മോദി സർക്കാരിന്‍റെ നയങ്ങൾ മുഖ്യമന്ത്രി നടപ്പിലാക്കുകയാണെന്നും കെ.സി ജോസഫ് സഭയിൽ വ്യക്തമാക്കി.

https://www.youtube.com/watch?v=o5k8I3OtQcg

അതേ സമയം ശാസ്ത്ര സാങ്കേതിക വിദ്യകളുപയോഗിച്ച് വാർത്ത എല്ലാവരിലുമെത്തിക്കുമെന്നും ഇതിനായി മൊബൈൽ ആപ്പ് ഏർപ്പെടുത്തുമെന്നുമാണ് മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ ഇ.പി ജയരാജൻ മറുപടി നൽകിയത്. ആഭ്യന്തര വകുപ്പ് പി.ആർ.ഡിയുടെ ജോലി എന്തിന് ഏറ്റെടുക്കുന്നുവെന്ന് തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് ചോദിച്ചു. മാധ്യമങ്ങളെ നിയന്ത്രിച്ചു കൊണ്ട് നൽകുന്ന സൗകര്യങ്ങൾ പ്രതിപക്ഷത്തിന് വേണ്ടെന്നും സ്വദേശാഭിമാനിയുടെ മണ്ണാണിതെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടർന്ന് സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.