മാധ്യമ വിലക്ക് : വിവാദ ഉത്തരവ് തിരുത്തി സര്‍ക്കാര്‍

Jaihind Webdesk
Saturday, February 2, 2019

Media-ban

പൊതുവേദികളില്‍ മുഖ്യമന്ത്രി, മന്ത്രിമാർ, മറ്റു പ്രശസ്ത വ്യക്തികൾ എന്നിവരുമായി മാധ്യമപ്രവർത്തകർ ഇടപെടുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് തിരുത്തി കേരള സർക്കാർ.    ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസാണ് ഉത്തരവിറക്കിയത്.  പുതിയ  ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങൾ തേടുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന ഭാഗം ഒഴിവാക്കിയിട്ടുണ്ട്. അഭിമുഖങ്ങൾക്ക് പിആർഡി വഴി നേരത്തേ അനുമതി തേടണമെന്ന വ്യവസ്ഥയും മാറ്റിയിട്ടുണ്ട്.

മാധ്യമനിയന്ത്രണത്തിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചിരുന്നു.  മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കം അപകടകരമാണെന്നും ഇത് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തോട് ഉള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന്  ഉത്തരവില്‍ വേണ്ട മാറ്റങ്ങൾ വരുത്തുമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഉറപ്പ് പാലിച്ചാണ് പുതിയ ഉത്തരവ് ഇറങ്ങിയിട്ടുള്ളത്.

2018 നവംബർ 11-നാണ് ആഭ്യന്തര സെക്രട്ടറിയുടെ വിവാദ ഉത്തരവ് പുറത്തിറങ്ങിയത്. വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ അടക്കമുള്ള പൊതുസ്ഥലങ്ങളിൽ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണം മാധ്യമങ്ങൾ തേടുന്നത് സുരക്ഷാ പ്രശ്നം ഉണ്ടാക്കുന്നുവെന്നായിരുന്നു പരാമർശം.  കടുത്ത വിമർശനമാണ് എല്ലാ മേഖലകളില്‍ നിന്നും ഉത്തരവിനെതിരെ ഉണ്ടായത്.

ഇതേത്തുടര്‍ന്നാണ് പുതുക്കിയ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. ഇതില്‍ വിവാദ പരാമർശങ്ങളോ വിലക്കുകളോ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും  വിമാനത്താവളങ്ങളിലും റെയിൽവെ സ്റ്റേഷനിലും സെക്രട്ടറിയേറ്റിലെ വിവിധ ബ്ലോക്കുകളിലും പ്രതികരണങ്ങൾക്കായി പ്രത്യേക മീഡിയാ കോർണറുകൾ സ്ഥാപിക്കണമെന്ന നിർദ്ദേശം മുന്നോട്ട് വെക്കുന്നു.

Read Also :

സംസ്ഥാനത്ത് മാധ്യമ വിലക്ക്…?

‘കടക്ക് പുറത്ത്’ മാധ്യമ നിയന്ത്രണം ഇടതുസർക്കാരിന്‍റെ പതിവു പദ്ധതി; പഞ്ചപുച്ഛമടക്കി പത്രപ്രവർത്തക യൂണിയൻ

മാധ്യമ നിയന്ത്രണം തുടരും; ഭേദഗതി കൂടുതൽ സൗകര്യമൊരുക്കാനെന്നും മുഖ്യമന്ത്രി

മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കം അപകടകരം : രമേശ് ചെന്നിത്തല[yop_poll id=2]