ലൈഫ് പദ്ധതിയിലെ സർക്കാരിന്‍റെ അവകാശവാദം പൊളിയുന്നു ; തെളിവുകള്‍ പുറത്ത്

Jaihind News Bureau
Tuesday, March 3, 2020

Pinarayi-Vijayan

തിരുവനന്തപുരം : ലൈഫ് പദ്ധതിയിൽ സർക്കാർ ഉന്നയിച്ച അവകാശവാദം പൊളിയുന്നു. കഴിഞ്ഞ സർക്കാരിന്‍റെ കാലയളവിലെ ഗുണഭോക്താക്കളെയും ഇത്തവണത്തെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയതിന്‍റെ തെളിവുകൾ പുറത്ത്. തോട്ടം മേഖലയിലെ തൊഴിലാളികൾക്കായി ഭവനപദ്ധതി ആവിഷ്കരിച്ചതും കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്‍റെ കാലത്താണ്.

ലൈഫ് പദ്ധതിയിലൂടെ 2,14,000 വീടുകൾ നിർമ്മിച്ച് റെക്കോർഡ് സൃഷ്ടിച്ചെന്നാണ് സർക്കാരിന്‍റെ അവകാശവാദം. ലക്ഷങ്ങൾ പൊടിച്ച് ഉത്ഘാടനം മാമാങ്കം നടത്തി എൽ.ഡി.എഫ് ഉന്നയിക്കുന്ന ഈ അവകാശ വാദത്തിന് അടിസ്ഥാനമില്ല . 2,14,000 വീടുകൾ നിർമ്മിച്ചെന്ന ഔദ്യോഗിക പ്രഖ്യാപനമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് തോട്ടം തൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതി ആരംഭിച്ചിരുന്നു. അതിൽ ഉൾപ്പെട്ട ഗുണഭോക്താക്കളെയും ഉൾപ്പെടുത്തിയാണ് ഇടതു സർക്കാരിന്‍റെ ഈ കള്ളകണക്ക്.

യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് വിവിധ വിഭാഗങ്ങൾക്ക് പൂർത്തികരിച്ച് നൽകിയ വീടുകളുടെ പട്ടിക ഇങ്ങനെ. ഇന്ദിരാ ആവാസ് യോജന പ്രകാരം മാത്രം 2,37,938 വീടുകൾ. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായി 62,450. മത്സ്യത്തൊഴിലാളികൾക്കായി 19,212 വീടുകൾ. കോർപറേഷൻ, മുനിസിപ്പാലിറ്റി ഗ്രാമവികസനം എന്നിവയിലൂടെ 1,17,682 വീടുകൾ. ഇങ്ങനെ ആകെ 4,37,282 വീടുകളുമാണ് യു.ഡി.എഫ് കാലത്ത് നിർമിച്ച് നൽകിയത്. എന്നാൽ ഇടതു സർക്കാർ തന്നെ കുടുംബശ്രീ മുഖേനേ നടത്തിയ സർവേ പ്രകാരം 1,00,618 പേരാണ് ഇത്തവണത്തെ ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നു പറയുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിയമസഭയിൽ നൽകിയ മറുപടിയിലാണ് ലൈഫ് പദ്ധതിയിൽ സ്ഥലമുള്ളതും വീട് പണിയാൻ അർഹതയുള്ളവരുമായി കണ്ടെത്തിയത് 1,00,618 പേർ മാത്രമാണെന്ന് പറയുന്നത്. പിന്നെ എങ്ങനെ 2,14,000 പേർക്ക് വീട് നൽകിയെന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നു. കഴിഞ്ഞ സർക്കാരിന്‍റെ കാലയളവിൽ ഗുണഭോക്താക്കളെയും ഇത്തവണത്തെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയെന്ന് ഈ കണക്കുകളിൽ നിന്ന് വ്യക്തം. ഈ രേഖകൾ തന്നെയാണ് വ്യാജ അവകാശവാദങ്ങളിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതും.

teevandi enkile ennodu para