ഐഎൻടിയുസി സെക്രട്ടറിയേറ്റ് മാർച്ച് ഫെബ്രുവരി 22ന്

Jaihind News Bureau
Tuesday, February 4, 2020

സംസ്ഥാന സർക്കാരിന്‍റെ തൊഴിലാളി ദ്രോഹനിലപാടിൽ പ്രതിഷേധിച്ച് ഫെബ്രുവരി 22ന് ഐഎൻടിയുസി യൂണിയനുകളുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്ന് കെ പി സി സി വൈസ് പ്രസിഡൻറ് എഴുകോൺ നാരായണനും ജനറൽ സെക്രട്ടറി എ.ഷാനവാസ് ഖാനും കൊല്ലത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇടതു സർക്കാർ അധികാരത്തിലേറി നാലു വർഷം തികയുമ്പോൾ പരമ്പരാഗത വ്യവസായങ്ങൾ ഉൾപ്പെടെ വ്യവസായമേഖല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണെന്ന് നേതാക്കൾ പറഞ്ഞു. പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളും തോട്ടങ്ങളും തുറക്കുവാൻ നടപടിയെടുക്കാത്ത സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഐഎൻടിയുസിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂണിയനുകളുടെ കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലാളികൾ ഭരണസിരാ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തുന്നതെന്ന് നേതാക്കൾ പറഞ്ഞു. നേതാക്കളായ നെടുങ്ങോലം രഘു, സി.ആർ നജീബ്, സവിൻ സത്യൻ എന്നിവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.