അമിതമായ ടിക്ടോക്ക് ഉപയോഗം: ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു

Jaihind Webdesk
Sunday, June 2, 2019

ചെന്നൈ: ടിക്ടോക്ക് വീഡിയോയുടെ പേരില്‍ അകല്‍ച്ചയില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു. കോയമ്പത്തൂര്‍ സ്വദേശിനി നന്ദിനി (28)യാണ് കൊല്ലപ്പെട്ടത്. ടിക്ടോക് വിഡിയോകളുടെ പേരില്‍ ഭര്‍ത്താവ് കനകരാജുമായി വഴക്കിട്ടു സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു നന്ദിനി. അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗത്തിന്റെ പേരില്‍ പിരിഞ്ഞ് കോയമ്പത്തൂരിന്റെ പ്രാന്തപ്രദേശത്തെ എആര്‍ നഗറില്‍ താമസിക്കുകയായിരുന്നു നന്ദിനി. നന്ദിനി ടിക് ടോക് വീഡിയോകള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുന്നതറിഞ്ഞ കനകരാജ്, നന്ദിനി ജോലിചെയ്യുന്ന സ്വകാര്യ കോളജിലെത്തി കൊലനടത്തുകയായിരുന്നു.

കോളേജില്‍ എത്തുന്നതിന് മുന്‍പ് നന്ദിനിയെ പലതവണ കനകരാജ് ഫോണില്‍ വിളിച്ചെങ്കിലും, ഫോണ്‍ തിരക്കിലായതും ഇയാളെ പ്രകോപിപ്പിച്ചു. കനകരാജ് കൃത്യം ചെയ്യുമ്പോള്‍ മദ്യപിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കയ്യില്‍ കത്തിയുമായാണ് ഇയാള്‍ നന്ദിനിയുടെ ജോലിസ്ഥലത്ത് എത്തിയത് എന്ന് പൊലീസ് പറയുന്നു. ഈ കത്തി പൊലീസ് കണ്ടെത്തി.

നന്ദിനിക്ക് കുത്തേറ്റയുടന്‍ സഹപ്രവര്‍ത്തകര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കനകരാജിനെ രാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ റിമാന്റിലാണ്.