പ്രളയ ദുരിതാശ്വാസത്തിനെന്നു പറഞ്ഞ് പിരിവ്; ഒരാള്‍ പിടിയില്‍

Jaihind Webdesk
Tuesday, August 20, 2019

കോഴിക്കോട്: പ്രളയ ദുരിതാശ്വാസത്തിന് സഹായം അഭ്യര്‍ത്ഥിച്ച് കടകളില്‍ കയറി തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. കോഴിക്കോട് മലാപ്പറമ്പ് സ്വദേശി സുനില്‍ കുമാറിനെയാണ് ഫറോക്ക് പോലീസ് പിടികൂടിയത്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ വാങ്ങാനായി പണം വേണമെന്നായിരുന്നു ഇയാള്‍ കോഴിക്കോട്ടെയും മലപ്പുറത്തെയും പല കടകളിലും കയറി ആവശ്യപ്പെട്ടത്. രാമനാട്ടുകര നഗരസഭാ ചെയര്‍മാന്‍ പറഞ്ഞയച്ചതാണ് തന്നെയെന്നും ഇയാള്‍ തെറ്റിദ്ധരിപ്പിച്ചു. ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അടക്കം പല ട്രസ്റ്റുകളുടെ പേരിലുള്ള രസീത് ബുക്കും ഇയാളില്‍ നിന്ന് കണ്ടെടുത്തു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
ആദ്യം രാമനാട്ടുകര നഗരസഭയുടെ ദുരിതാശ്വാസ ക്യാമ്പില്‍ പോയി, കിറ്റ് കൈമാറി ചിത്രമെടുത്തു. പിന്നീട് ഈ ഫോട്ടോ എഡിറ്റ് ചെയ്ത് പിരിവ് തട്ടിപ്പിനായി ഉപയോഗിക്കുകയായിരുന്നു. സുനില്‍കുമാറിനെ പൊലിസ് വിശദമായി ചോദ്യംചെയ്തു വരികയാണ്.