അമ്മയെ വെട്ടി കൊലപ്പെടുത്തിയ ശേഷം മകന്‍ പോലീസില്‍ കീഴടങ്ങി

Jaihind Webdesk
Sunday, August 25, 2019

കോതമംഗലം: അമ്മയെ വെട്ടി കൊലപ്പെടുത്തിയ ശേഷം മകന്‍ പോലീസില്‍ കീഴടങ്ങി. കോട്ടപ്പടിയില്‍ ഇന്നലെ രാത്രിയിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. കോട്ടപ്പടി നാഗഞ്ചേരിക്കടുത്തു കല്ലിങ്കപറമ്പില്‍ വീട്ടില്‍ കാര്‍ത്തിയാനി (65) യാണ് മകന്‍ അനീഷ് കുമാര്‍ (34) എന്നുവിളിക്കുന്ന ബൈജുവിന്റെ വാക്കത്തികൊണ്ടുള്ള വെട്ടേറ്റ് മരിച്ചത്. ചെറിയ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്ന ഇയാള്‍ അവിവാഹിതനാണ്. രാത്രിയില്‍ അമ്മയെ വെട്ടി കൊലപ്പെടുത്തിയശേഷം വാര്‍ഡിലെ മുന്‍ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലെത്തി വിവരങ്ങള്‍ പറഞ്ഞു. മുന്‍പഞ്ചായത്ത് അംഗത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇയാള്‍ കോട്ടപ്പടി പോലീസ് സ്‌റേറഷനില്‍ കീഴടങ്ങിയത്. തുടര്‍ന്ന് കോട്ടപ്പടി പോലീസ് സ്ഥലതെത്തി പ്രഥമിക നടപടികള്‍ സ്വീകരിച്ചു. പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി കെ. ബിജുമോന്‍, കോടനാട് സി.ഐ സജി മര്‍ക്കോസ്, കോട്ടപ്പടി എസ്. ഐ അബ്ദുല്‍ റഹിമാന്‍, എ.എസ് ഐ.ഷാജന്‍ എന്നിവരടങ്ങുന്ന പോലീസ് സംഘം പ്രതിയെ ചോദ്യം ചെയ്തു. സ്വത്ത് തര്‍ക്കമാണ് പ്രതി അമ്മയെ കൊലപ്പെടുത്താന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ സഹോദരിക്ക് കിടപ്പാടം നല്‍കും എന്ന് അമ്മ പറയുകയും ഇതില്‍ ദേഷ്യം തോന്നിയ പ്രതി ഉറങ്ങി കിടന്ന അമ്മയെ പ്രതി വാക്കത്തി കൊണ്ട് കഴുത്തിന് പല തവണ വെട്ടുകയായിരുന്നു.