ചന്ദനക്കടത്ത്; സി.പി.എം നേതാവുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

Jaihind News Bureau
Sunday, August 18, 2019

കുമളി: കാറിൽ ചന്ദനം കടത്തുന്നതിനിടെ സി പി എം ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെ മൂന്നു പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വെള്ളാരംകുന്ന് സ്വദേശിയും സിപിഎം കുമളി ലോക്കൽ കമ്മിറ്റി അംഗവും കുമളിയിലെ സർവീസ് സഹകരണ ബാങ് ഡയറക്ടർ ബോർഡ് അംഗവുമായ വെള്ളാരംകുന്ന് പുത്തൻപുരയ്ക്കൽ സജി തോമസ് (39)
വെള്ളാരംകുന്ന് ചേരുംതടത്തിൽ വിൽസൺ (47), വണ്ടിപ്പെരിയാർ മ്ലാമല പുത്തൻപുരയ്ക്കൽ ജോസ്, (60), എന്നിവരെയാണ് വനംവകുപ്പ് കട്ടപ്പന ഫ്ളൈയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ ഉപ്പുതറയിൽ വെച്ചായിരുന്നു സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലാകുന്നത്. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്റെ പിന്നിൽ രണ്ട് ചാക്കുകെട്ടുകളിലായി സൂക്ഷിച്ചിരുന്ന 61 കിലോഗ്രാം ചന്ദനവും ഉദ്യോഗസ്ഥർ കണ്ടെടുത്തു. ആലടി ചെപ്പുകുളം റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച വാഹനം ഇതുവഴി എത്തിയത്. എന്നാൽ വനം വകുപ്പ് ഉദ്യോ‌ഗസ്ഥരെ വെട്ടിച്ച് ഇവർ വാഹനവുമായി പോകാൻ ശ്രമിച്ചെങ്കിലും വനം വകുപ്പ് വാഹനം
റോഡിനു കുറുകെ ഇട്ട് തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ നിന്നും ചന്ദന മരങ്ങൾ കണ്ടുകിട്ടിയത്. പിടികൂടിയ ചന്ദനത്തിന് ഓപ്പൺ മാർക്കറ്റിൽ നാല് ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

മ്ലാമലയിലെ ഒരു പുരയിടത്തിൽ നിന്നും ആറു മാസം മുമ്പ് വെട്ടിക്കടത്തിയ ചന്ദനമാണിതെന്ന് ഇവർ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. മ്ലാമലയിൽ നിന്നും വെട്ടിയ ചന്ദനം ഉപ്പുതറയിൽ എത്തിച്ച് ജോസിന്റെ ബന്ധുവിന്റെ കൃഷിയിടത്തിൽ കൊണ്ടുപോയി കുഴിച്ചിട്ടു. ശനിയാഴ്ച ഇവിടെ നിന്നും എടുത്ത് വെള്ളാരംകുന്നിലെത്തിച്ച് വിൽപ്പനയ്ക്കായി കൊണ്ടു പോകുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. പ്രതികളെയും തൊണ്ടിമുതലും എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് കൈമാറി. തുടർ അന്വേഷണം എരുമേലി റേഞ്ച് ഓഫീസറാവും നടത്തുക. വെള്ളാരംകുന്ന് ചെങ്കര ഭാഗങ്ങളിൽ നിന്നും നിരവധി ചന്ദനമരങ്ങൾണ് മോഷണം പോയിട്ടുള്ളത്. ഇതിൽ പിടിയിലായവർക്ക് പങ്കുണ്ടോയെന്നും വനപാലകർ അന്വേഷിക്കും. ഇവർ പിടിയിലായതറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥരും ഓഫീസിലെത്തി പ്രതികളെ ചോദ്യംചെയ്തു. ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം.പി പ്രസാദ്, ഫോറസ്റ്റർ ഷാജിമോൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ കെ പ്രമോദ്, പ്രിൻസ് ജോണ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.