മൂന്നാര്‍ പഞ്ചായത്തിലെ അനധികൃത നിര്‍‌മാണത്തിന് ഹൈക്കോടതി സ്റ്റേ

Jaihind Webdesk
Wednesday, February 13, 2019

Kerala-High-Court

മൂന്നാർ ഗ്രാമ പഞ്ചായത്തിന്‍റെ വിവാദമായ നിർമാണ പ്രവർത്തനങ്ങൾ ഹൈക്കോടതി സ്‌റ്റേ ചെയ്തു. എസ് രാജേന്ദ്രൻ എം.എൽ.എ ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.

മുതിരപ്പുഴയാറിന്‍റെ തീരത്ത് മൂന്നാർ ഗ്രാമപഞ്ചായത്ത് ബഹുനില കെട്ടിടം നിർമിക്കുന്നതിനെതിരെ സി.പി.ഐ നേതാവ് എം.വൈ ഔസേഫാണ് ഹൈക്കോടതിയെ സമീപിച്ചത്. നിർമാണ പ്രവർത്തനങ്ങൾ ചട്ട വിരുദ്ധവും കോടതിയലക്ഷ്യവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. മൂന്നാർ മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്‍റെ അനുമതി വേണമെന്ന് 2010 ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഗ്രാമ പഞ്ചായത്ത് ലംഘിച്ചു. കണ്ണൻ ദേവൻ കമ്പനിക്ക് പാട്ടത്തിന് നൽകിയ ഭൂമിയിൽ പഞ്ചായത്തിന് അധികാരമില്ലെന്നും ഹർജിക്കാരൻ വാദിച്ചു.

ഇതിനിടെ സർക്കാർ നൽകിയ ഉപഹർജിയും കോടതി പരിഗണിച്ചു. സബ് കളക്ടർ രേണു രാജിന്‍റെ സത്യവാങ്മൂലം ഉൾപ്പെടെ സമർപ്പിച്ച റിപ്പോർട്ടിൽ എസ് രാജേന്ദ്രൻ എം.എൽ.എയ്ക്കും പഞ്ചായത്ത് ഭാരവാഹികൾക്കും എതിരെ പരാമർശങ്ങളുണ്ടായിരുന്നു. തുടർന്നാണ് എ.വൈ ഔസേഫിന്‍റെ ഹർജിയിൽ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ട് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാരിന്‍റെ ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാനും ഉത്തരവായി. രണ്ട് ഹർജികളും ഇനി ഒരുമിച്ച് രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും.