സ്വകാര്യ സ്ഥാപനത്തിന് പോലീസ് ഡാറ്റാ ബേസ് തുറന്ന് നൽകരുതെന്ന് ഹൈക്കോടതി

Jaihind News Bureau
Friday, December 20, 2019

സംസ്ഥാന പൊലീസ് ഡാറ്റാ ബേസ് സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കലിന് തുറന്ന് കൊടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ ഡാറ്റാ ബേസ് സ്വകാര്യസ്ഥാപനത്തിന് തുറന്ന് കൊടുക്കാനുള്ള തീരുമാനത്തെ ചേദ്യം ചെയ്ത് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ഹര്‍ജിയാലാണ് ഹൈക്കേടതി ഉത്തരവ്

പാസ്‌പോര്‍ട്ട് അപേക്ഷാ പരിശോധനക്കുളള സോഫ്ട് വെയര്‍ നിര്‍മാണത്തിനായാണ് സംസ്ഥാന പൊലീസിന്റെ ഡാറ്റാ ബേസ് സി പി എം നിയന്ത്രണത്തിലുള്ള കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഊരാളുങ്കല്‍ലേബർ സൊസൈറ്റിക്ക് തുറന്നു കൊടുത്തത്. ഒക്ടോബര്‍ 29നാണ് പൊലീസ് ഡാറ്റാ ബേസ് സ്വകാര്യ കമ്പനിയായ ഊരാളുങ്കലിന് തുറന്നു കൊടുക്കാനുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ് പൊലീസ് ആസ്ഥാനത്ത് പുറത്തിറങ്ങിയത്. ഉത്തരവ് പ്രകരാം പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 35 ലക്ഷം രൂപയും അനുവദിച്ചിരുന്നു.എന്നാൽ ഡിജിപിയുടെ ഈ ഉത്തരവും കോടതി തടഞ്ഞു. കേരള പൊലീസിന്റെ ഡാറ്റാ ബേസിലേക്ക് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിന് പ്രവേശനം നല്‍കുന്നത് അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ജ്യോതികുമാര്‍ ചാമക്കാല ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

പൊലീസിന്റെ എല്ലാ നീക്കങ്ങളും വിവരങ്ങളും ഇത് വഴി ഊരാളുങ്കലിന് ലഭിക്കുന്ന സാഹചര്യമുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതീവ പ്രാധാന്യമുള്ള ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ് വർക്ക് സിസ്റ്റത്തിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കാന്‍ കഴിയും വിധമുളള സ്വതന്ത്രാനുമതിയാണ് കമ്പനിക്ക് നല്‍കിയതെന്നാണ് ഉയരുന്ന ആരോപണം. ഇതുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആക്ഷേപം ഉന്നയിച്ചിട്ടും പിന്മാറാൻ സർക്കാർ തയ്യാറാകാത്ത സഹചര്യത്തിലാണ് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്