സ്വകാര്യമായ വിദേശയാത്രക്ക് പൊതുഖജനാവില്‍ നിന്ന് പണം ചെലവിട്ടു; മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

Jaihind Webdesk
Friday, April 26, 2019

കൊച്ചി: മുഖ്യമന്ത്രി ഔദ്യോഗികമല്ലാത്ത ആവശ്യങ്ങള്‍ക്കായുള്ള വിദേശയാത്രകള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് യാത്രാക്കൂലി കൈപ്പറ്റിയെന്നാരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ യു.എ.ഇ, അമേരിക്കന്‍ സന്ദര്‍ശനങ്ങള്‍ സര്‍ക്കാര്‍ പരിപാടികള്‍ അല്ലായിരുന്നുവെന്നും സ്വകാര്യ സംഘടനകളുടെ ക്ഷണപ്രകാരം നടത്തിയ സന്ദര്‍ശങ്ങള്‍ക്ക് വിമാനക്കൂലിയിനത്തില്‍ 5,76,102 രൂപ കൈപ്പറ്റിയെന്നും ആരോപിച്ചാണ് കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി ഡി. ഫ്രാന്‍സിസ് ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍, ദക്ഷിണമേഖല, തിരുവനന്തപുരം വിജിലന്‍സ് ഡിവൈ.എസ്.പിമാര്‍ എതിര്‍കക്ഷികളാണ്. 2016 ഡിസംബര്‍ 21 മുതല്‍ 24 വരെയായിരുന്നു മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം. ഒരു സ്‌കുളിന്റെ ഉദ്ഘാടനവും ചില പ്രവാസി സംഘടനകള്‍ സംഘടിപ്പിച്ച സമ്മേളനങ്ങളിലുമാണ് മുഖ്യമന്ത്രി പങ്കെടുത്തതെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയെന്നും വിജിലന്‍സ് അന്വേഷണത്തിനു നിര്‍ദ്ദേശം നല്‍കണമെന്നും കൈപ്പറ്റിയ പണം തിരിച്ചു പിടിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി വിജിലന്‍സിന് ഫെബ്രുവരി 11ന് പരാതി നല്‍കിയെങ്കിലും നടപടിയില്ലെന്നും അന്വേഷണം നടത്താന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.