സർക്കാര്‍ പരാജയം ; റോഡ് നന്നാക്കാന്‍ ഇനിയും എത്ര പേര്‍ മരിക്കണം ? : രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Jaihind News Bureau
Friday, December 13, 2019

Kerala-High-Court

കൊച്ചി : പാലാരിവട്ടത്ത് യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഇനി എത്ര ജീവനുകൾ ബലികൊടുത്താലാണ് നാട് നന്നാവുകയെന്നും കോടതി ചോദിച്ചു. ഇത്തരം മരണങ്ങള്‍ ഇനിയും ഉണ്ടാകാതിരിക്കാന്‍ അധികൃതർ നടപടി സ്വീകരിക്കണം. ഇങ്ങനെയാണെങ്കില്‍ കോടതി ഉത്തരവുകള്‍ എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു. സർക്കാർ സംവിധാനം പൂർണ പരാജയമാണെന്ന് പറഞ്ഞ കോടതി കൊച്ചിയിലെ റോഡുകളുടെ അവസ്ഥയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാന്‍ കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു.

കുഴികൾ അടയ്ക്കും എന്ന് ആവർത്തിച്ച് പറയുന്നതല്ലാതെ കുഴികൾ അടയ്ക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. നടപ്പാതകളുടെ അവസ്ഥ പരിതാപകരമാണ്. ചെറു പ്രായത്തിലാണ് ഒരു ജീവൻ നഷ്ടമായത്. മരിച്ച യുവാവിന്‍റെ കുടുംബത്തോട് മാപ്പ് ചോദിക്കുകയാണെന്നും നാണക്കേട് കൊണ്ട് തല കുനിക്കുകയാണെന്നും കോടതി വ്യക്തമാക്കി. മരണപ്പെട്ട യുവാവിന്‍റെ കുടുംബത്തിന്‍റെ അവസ്ഥ ആരും മനസിലാക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

2008 ലെ റോഡപകട കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടങ്ങിയ ബഞ്ച് സർക്കാറിനെതിരെ വിമർശനം ഉന്നയിച്ചത്. സർക്കാർ വകുപ്പുകളിലെ ഏകോപനമില്ലായ്മക്കെതിരെയും കോടതിയുടെ വിമർശനം ഉയർന്നു. ഉത്തരവിടാൻ മാത്രമേ കോടതിക്ക് കഴിയൂ എന്നും അത് നടപ്പിലാക്കേണ്ട നടപടികൾ ഉണ്ടാവണമെന്നും പറഞ്ഞ കോടതി, ഉദ്യോഗസ്ഥരിലുള്ള വിശ്വാസം നഷ്ടമായെന്നും കുറ്റപ്പെടുത്തി.

മരണപ്പെട്ട യദുലാലിന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും മജിസ്റ്റീരിയൽ അന്വേഷണം നടക്കുന്നുണ്ടെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. എത്രപേര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് കോടതി തിരിച്ച് ചോദിച്ചു. അതേസമയം കൊച്ചിയിലെ റോഡുകളുടെ അവസ്ഥയെ കുറിച്ച് പഠിക്കാന്‍ കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അമിക്കസ് ക്യൂറിയിൽ മൂന്ന് അഭിഭാഷകരാണ് ഉള്ളത്. റോഡുകളുടെ നിലവാരത്തെക്കുറിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.