തേനി ജില്ലയിൽ കൊറോണ സംശയം; രണ്ട് പേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Jaihind News Bureau
Sunday, March 15, 2020

തമിഴ്നാട്ടിലെ തേനി ജില്ലയിൽ കൊറോണ സംശയത്തെ തുടർന്ന് രണ്ട് പേരെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൂടുതൽ സുരക്ഷ സംവിധാനങ്ങൾക്കായ് ഇടുക്കിയിലെ കേരള തമിഴ്‌നാട് അതിർത്തിയായ കുമളി ചെക്ക് പോസ്റ്റിൽ പരിശോധന ശക്തമാക്കി.

തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റുകളായ കുമളി, കമ്പംമെട്ട്, ചിന്നാർ, ബോഡിമെട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ആളുകൾ കടന്നു വരുന്ന എല്ലാ പാതകളിലും പോലീസും ആരോഗ്യ വകുപ്പും സംയുക്തമായിട്ടാണ് പരിശോധന നടത്തുന്നത്. തമിഴ്നാടിന്‍റെ വിവിധ പ്രദേശങ്ങളിൽ കൊറോണ ബാധിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് പരിശോധന കർശനമാക്കിയത്.

തമിഴ്നാട്ടിൽ നിന്നും വരുന്ന ആളുകൾക്ക്. പനിയും ചുമയും ഉൾപടെയുള്ള രോഗലക്ഷണങ്ങൾ ഉണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. അതേ സമയം മൂന്നാറിലെത്തിയ വിദേശിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഇടുക്കിയിൽ കനത്ത ജാഗ്രത നിർദേശം ജില്ലാ ഭരണകൂടം നൽകിയിട്ടുണ്ട്. അതിർത്തി കടന്നെത്തുന്നവർക്ക് പനിയുണ്ടെങ്കിൽ മാസ്കും നൽകുന്നുണ്ട്. ഐസൊലേറ്റ് ചെയ്യുന്നുമുണ്ട്. അതിർത്തി ചെക്ക് പോസ്റ്റുകളിൽ 24 മണിക്കൂറും പരിശോധന കർശനമായി തുടരും.

https://youtu.be/giEuzvnjMWA