കഴിഞ്ഞ വർഷം ഉണ്ടായ പ്രളയത്തിൽ തകർന്ന റോഡുകള്‍ നന്നാക്കിയില്ല; മൂന്നാറിൽ റോഡുപരോധിച്ചു

Jaihind News Bureau
Friday, August 30, 2019

കഴിഞ്ഞ വർഷം ഉണ്ടായ പ്രളയത്തിൽ തകർന്ന മൂന്നാറിലെയും സമീപ പ്രദേശങ്ങളിലെയും റോഡുകൾ ഇതുവരെയും നന്നാക്കുന്നതിന് ശ്രമിക്കാത്തതിൽ പ്രതിഷേധിച്ച് എ.കെ.മണിയുടെ നേതൃത്വത്തിൽ മൂന്നാറിൽ റോഡ് ഉപരോധിച്ചു. മുൻ എം.എൽ എ യും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ എ.കെ.മണി പ്രതിഷേധവുമായി എത്തിയതറിഞ്ഞ് കോൺഗ്രസ് പ്രവർത്തകരും തൊഴിലാളികളും ഒപ്പം കൂടുകയായിരുന്നു.

പ്രളയത്തിൽ തകർന്ന മൂന്നാറിലെ റോഡുകൾ അടിയന്തിരമായി പുനർനിർമ്മിക്കുന്നതെന്നാവശ്യപ്പെട്ടാണ് മുൻ എം.എൽ.എ.യും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ എ.കെ.റോഡു പരോധിച്ചത്. കയ്യിൽ കൊടിയും പ്ലാക്കാർഡുമായാണ് എ.കെ.മണി ഒറ്റയ്ക്ക് സമരവുമായി എത്തിയത്. സംഭവമറിഞ്ഞെത്തിയ കോൺഗ്രസ്സ് പ്രവർത്തകർ കൂടി ചേർന്നതോടെ സമരം ഉഷാറായി. അര മണിക്കൂറോളം റോഡിൽ കുത്തിയിരുന്ന എ.കെ.മണി പ്രശ്‌നം അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ പ്രളയത്തിൽ തകർന്ന മൂന്നാറിലെ റോഡുകൾ ഒരു വർഷമായിട്ടും നന്നാക്കാതെ എം.എൽ.എയെയും സർക്കാരിനെയും ഒളിച്ച് കളിക്കാൻ അനുവദിക്കുകയില്ലെന്നും അടുത്ത ഘട്ടമായി റോഡിൽ കിടന്ന് കോൺഗ്രസ് പ്രവർത്തകർ സമരം ആരംഭിക്കുമെന്നും എ.കെ.മണി വ്യക്തമാക്കി. കാൽനട യാത്രയ്ക്ക് പോലും കഴിയാത്ത റോഡുകളെ ഒഴിവാക്കി തൊഴിലാളികൾ കാട്ടുപാതകളെയാണ് ആശ്രയിക്കുന്നത്.