തലസ്ഥാനം വാണ് ഗുണ്ടകള്‍; രണ്ടാഴ്ചക്കിടെ മൂന്നാമത്തെ കൊലപാതകം; നോക്കുകുത്തിയായി പോലീസ്

Jaihind Webdesk
Monday, March 25, 2019

Crime

ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തി തലസ്ഥാന നഗരിയില്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടം. രണ്ടാഴ്ചക്കിടെ മൂന്ന് കൊലപാതകങ്ങളാണ് നഗരത്തിലുണ്ടായത്. ലഹരി മാഫിയയെയും ഗുണ്ടാസംഘങ്ങളേയും തുരത്തുന്നതിനായി പോലീസ് നടപ്പിലാക്കിയ ഓപ്പറേഷൻ ബോൾട്ടും പാളി. അക്രമങ്ങൾക്കെതിരെ പോലീസ് നിഷ്ക്രിയരായി നോക്കി നിൽക്കുകയാണെന്ന ആക്ഷേപവും ഇതിനോടകം ഉയർന്നുകഴിഞ്ഞു.

ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം തലസ്ഥാന നഗരിയെ വീണ്ടും ഭീതിയുടെ മുൾമുനയിൽ നിർത്തുകയാണ്. അക്രമങ്ങൾ തടയേണ്ട പോലീസ് തന്നെ നിഷ്ക്രിയരായി നോക്കി നിൽക്കുമ്പോൾ കൊലപാതകങ്ങൾ ഇനിയും വർധിക്കും. കഴിഞ്ഞ ദിവസമുണ്ടായ കൊലപാതകം കൂടി ആയപ്പോള്‍ രണ്ടാഴ്ചക്കിടെ തിരുവനന്തപുരത്തെ പല ഭാഗങ്ങളിലായി നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്.

ലഹരി മാഫിയയെയും ഗുണ്ടാസംഘങ്ങളേയും തുരത്തുന്നതിനായി പോലീസ് നടപ്പിലാക്കിയ ഓപ്പറേഷൻ ബോൾട്ടും ഫലം കണ്ടില്ല. ആദ്യ ദിവസങ്ങളിലെ കർശന പരിശോധനകൾക്ക് ശേഷം ഹെൽമെറ്റ് ചെക്കിംഗില്‍ മാത്രമായി പോലീസിന്‍റെ ‘ഓപ്പറേഷന്‍’ ഒതുങ്ങി. ഇതിനുപിന്നാലെയാണ് തലസ്ഥാനത്ത് വീണ്ടുമൊരു കൊലപാതകമുണ്ടായതും. മാർച്ച് 12 നാണ് കരമനയിൽ നിന്നും അനന്തു എന്ന യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തിയത്. തുടർന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം മാർച്ച് 14 നാണ് പടിഞ്ഞാറെകോട്ടയിൽ ശ്യാം എന്ന യുവാവിനേയും അക്രമികൾ കൊലപ്പെടുത്തിയത്. അതേ സമയം കൊലപാതകം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ഈ രണ്ട് കൊലപാതകങ്ങൾക്ക് പിന്നിലുള്ള മുഴുവൻ പ്രതികളെയും പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല.

നിരന്തരം പ്രസ്താവനകൾ മാത്രമാണ് പോലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുള്ളു എന്ന വിമർശനങ്ങളും ഉയര്‍ന്നുകഴിഞ്ഞു.  തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ പോലീസ് നിഷ്ക്രിയത്വം മൂടിവെക്കാനുള്ള ശ്രമമാണെന്നും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്നുതവണ പോലീസിൽ അഴിച്ചുപണി നടത്തിയതും പോലീസിന്‍റെ നിഷ്ക്രിയത്വവുമായി ചേര്‍ത്തുവായിക്കപ്പെടുന്നുണ്ട്.