പ്രധാനമന്ത്രിക്കെതിരെ കോണ്‍‍ഗ്രസ് നേതാവ് ദിവ്യാ സ്പന്ദന

Jaihind Webdesk
Friday, September 28, 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് ദിവ്യാ സ്പന്ദന വീണ്ടും രംഗത്ത്. മോദിയെ കള്ളനെന്ന് വിളിച്ചതിന് ദിവ്യക്കെതിരെ കഴിഞ്ഞ ദിവസം രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിന്റെ ഡിജിറ്റൽ കമ്യൂണിക്കേഷൻ ചീഫായ ദിവ്യ മോദിയെ ട്രോളി വീണ്ടും രംഗത്തെത്തിയത്.

ആമിർ ഖാന്റെ പുതിയ ചിത്രമായ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിലെ മീം ഉപയോഗിച്ചാണ് ദിവ്യ മോദിയെ ട്രോളിയിരിക്കുന്നത്. ട്രെയിലറിൽ ആമിർ ഖാന്റെ പഞ്ച് ഡയലോഗുകളിൽ ഒന്നാണ്, ‘ചതി സ്വാഭാവത്തിൽ അലിഞ്ഞ് ചേർന്നതാണ്’ എന്നത്. ഈ വാക്കുകളുള്ള മീം ഉപയോഗിച്ചാണ് ദിവ്യ സ്പന്ദന മോദിയെ ട്രോളിയിരിക്കുന്നത്.

പ്രധാനമന്ത്രി മോദി ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിനോട് പറയുന്ന വാക്കുകളായാണ് ആമിറിന്റെ പഞ്ച് ഡയലോഗിനെ സ്പന്ദന ട്വീറ്റ് ചെയ്തിരിക്കുന്നത്. റഫേൽ ഇടപാട് വിവാദത്തെ സൂചിപ്പിക്കുന്നതാണ് ദിവ്യ സ്പന്ദനയുടെ ട്വീറ്റ്.

ചിത്രത്തിന്റെ ട്രെയ്‌ലർ ഹിറ്റായി മാറിയിരിക്കുന്ന സാഹചര്യത്തിൽ രാജ്യം ചർച്ച ചെയ്യുന്ന റാഫേൽ ഇടപാട് വിവാദവുമായി അതിനെ ബന്ധിപ്പിച്ചതോടെ ട്വീറ്റും ഹിറ്റായി മാറിയിരിക്കുകയാണ്.

അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിന് വേണ്ടി മോദി സർക്കാർ എച്ച്.എ.എല്ലിനെ അവസാന നിമിഷം ഒഴിവാക്കി റഫേൽ വിമാന കരാറിൽ ഒപ്പിടുകയായിരുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതേ വിഷയത്തിൽ തന്നെയായിരുന്നു കഴിഞ്ഞ ദിവസം ദിവ്യ മോദിയെ കള്ളനെന്ന് വിളിച്ചത്.