വായുമലിനീകരണം : ഡല്‍ഹിയില്‍ സ്ഥിതി അതീവ ഗുരുതരം ; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

Jaihind Webdesk
Wednesday, November 13, 2019

Delhi-Air-Pollution

ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും രൂക്ഷമായത് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനനുമായി സുപ്രീം കോടതി. ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുന്ന തരത്തില്‍ വായുമലിനീകരണം രൂക്ഷമായിട്ടും കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. വായുമലിനീകരണം ഏറ്റവും രൂക്ഷമായി തുടരുന്നതിനാല്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ ഡല്‍ഹിയിലെ സ്കൂളുകള്‍ അടച്ചിടാനും നിർദേശമുണ്ട്.

വായുമലിനീകരണം ചെറുക്കുന്നതിന് സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് പറഞ്ഞ സുപ്രീം കോടതി പരിസ്ഥിതി സൗഹൃദ ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാനും കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് ഡിസംബർ 3 ന് കേന്ദ്രം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ഡല്‍ഹിയിലെ വായുനിലവാര സൂചിക (എ.ക്യു.ഐ) 467 ലെത്തി. പൂജ്യത്തിനും അമ്പതിനും ഇടയിലാണ് ഏറ്റവും നല്ല വായുനിലവാരമെന്നിരിക്കെയാണ് സൂചിക 467 ലെത്തിയിരിക്കുന്നത്. മലിനീകരണ തോത് ഏറ്റവും രൂക്ഷമായതോടെ ഡല്‍ഹിയിലെയും സമീപ ജില്ലകളിലെയും സ്കൂളുകൾ അടുത്ത രണ്ട് ദിവസത്തേക്ക് അടയ്ക്കാന്‍ നിർദേശിച്ചിട്ടുണ്ട്. മലിനീകരണ തോത് വരുന്ന ദിവസങ്ങളിലും മോശമാകാനാണ് സാധ്യതയെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിരീക്ഷണം. നഗരത്തിലെ വായുമലിനീകരണത്തിന്‍റെ 25 ശതമാനവും കാർഷിക വിള അവശിഷ്ടങ്ങൾ കത്തിക്കുന്നതു മൂലമാണ് സംഭവിക്കുന്നത്.

എ.ക്യു.ഐ പ്രകാരം വായു മലിനീകരണത്തിന്‍റെ തോത് :

0–50 – മികച്ചത് (ഗ്രീൻ)

51–100 – തൃപ്തികരം (യെല്ലോ)

101– 150 – ശ്വാസകോശ രോഗസാധ്യത (ഓറഞ്ച്)

151–200 – അനാരോഗ്യകരം (റെഡ്)

201– 300 – വളരെ മോശം (പർപ്പിൾ)

301– 500 – അതീവ ഗുരുതരം (മെറൂൺ)

(500നു മുകളിൽ കടന്നാൽ സ്ഥിതി അപകടകരം. 1000 ത്തിന് അടുത്തെത്തിയാൽ ശ്വാസതടസം, കണ്ണെരിച്ചിൽ എന്നിവ അനുഭവപ്പെടും.)