ആന്തൂര്‍ ആത്മഹത്യ: നഗരസഭാധ്യക്ഷക്കെതിരെ സാജന്‍റെ ഭാര്യ; പി.കെ ശ്യാമളയെ സംരക്ഷിക്കുന്ന നിലപാടുമായി സി.പി.എം

Jaihind Webdesk
Monday, June 24, 2019

പ്രവാസി വ്യവസായി ആത്മഹത്യചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷയെ സംരക്ഷിക്കുന്ന നിലപാടുമായി സി.പി.എം. വീഴ്ച പറ്റിയത് ഉദ്യോഗസ്ഥ തലത്തിലാണെന്നും നഗരസഭാധ്യക്ഷയ്ക്ക് ഇക്കാര്യത്തില്‍ പങ്കില്ലെന്നുമായിരുന്നു  സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

നഗരസഭ അധ്യക്ഷയുടെ അധികാരം വളരെ പരിമിതമാണെന്നായിരുന്നും ലൈസന്‍സ് കൊടുക്കാനുള്ള അധികാരം നഗരസഭാധ്യക്ഷയ്ക്ക് ഇല്ലെന്നുമായിരുന്നു കോടിയേരിയുടെ വിശദീകരണം. അധ്യക്ഷയ്ക്കല്ല, ഉദ്യോഗസ്ഥര്‍ക്കാണ് വീഴ്ച സംഭവിച്ചതെന്നും കോടിയേരി പറയുന്നു. ഇതിലൂടെ പി.കെ ശ്യാമളയെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുന്നതെന്ന് വ്യക്തമായി.

അതേസമയം ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമള കാരണമാണ് തന്‍റെ ഭര്‍ത്താവിന്ആത്മഹത്യ ചെയ്യേണ്ടിവന്നതെന്ന് സാജന്‍റെ ഭാര്യ ബീന ആവര്‍ത്തിച്ചു. ശ്യാമള തെറ്റുകാരി തന്നെയെന്നും അവര്‍ പറയുന്നതാണ് ഉദ്യോഗസ്ഥർ നടപ്പിലാക്കുന്നതെന്നും ബീന പറഞ്ഞു. കണ്ണൂർ കൊറ്റാളിയിൽ മാധ്യമ പ്രവർത്തകരോടാണ് ബീന ഇക്കാര്യം പറഞ്ഞത്.