കോടിയേരിക്ക് മറുപടിയുമായി എൻ എസ്.എസ്; ശരിദൂരം നാടിന്‍റെ നന്മക്ക് വേണ്ടി

Jaihind News Bureau
Monday, October 14, 2019

കോടിയേരിക്ക് എൻ എസ്.എസിന്‍റെ മറുപടി. കോടിയേരിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നു. മുന്നോക്ക വിഭാഗത്തിന് എന്ത് നന്മയാണ് കോടിയേരി ചെയ്തതെന്ന് വ്യക്തമാക്കണം. ശരിദൂരം നാടിന്‍റെ നന്മക്ക് വേണ്ടിയാണ്. ഇക്കാര്യത്തിൽ ആശങ്കയോ അവകാശ വാദമോ എൻഎസ്എസിന് ഇല്ലെന്നും ജി.സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.

മുന്നോക്ക സമുദായത്തിന് വേണ്ടി നല്ലത് ചെയ്ത ഇടതുപക്ഷത്തെ പ്രകീർത്തിക്കണമെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന തെറ്റിദ്ധാരണ പരത്താൻ വേണ്ടിയുള്ളതും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്നും ഈ സർക്കാർ എന്ത് നന്മയാണ് ചെയ്തതെന്ന് കോടിയേരി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് ഈ സർക്കാരിനോട് എന്നും സഹകരിച്ചിട്ടുണ്ടെന്നും വിശ്വാസ സംരക്ഷണത്തിന്‍റെ കാര്യത്തിലാണ് അഭിപ്രായ ഭിന്നത ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ മുന്നോക്ക സമുദായങ്ങൾക്കും അതിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും വ്യവസ്ഥാപിതമായി ലഭിച്ചു വന്നിരുന്ന ആനുകൂല്യങ്ങളെല്ലാം തടഞ്ഞുവയ്ക്കുകയാണ് സർക്കാർ ചെയ്തത്. ഇത് വ്യക്തമാക്കിയെങ്കിലും അതിനൊന്നും സർക്കാരിൽ നിന്ന് യാതൊരു മറുപടിയും ഉണ്ടായിട്ടില്ലെന്നും എൻഎസ് എസ് ചൂണ്ടിക്കാട്ടുന്നു.