ഇ പി ജയരാജനെതിരെ പാര്‍ട്ടിയുടെ കടുത്ത നടപടി സാധ്യത; നാളെ സിപിഎം സെക്രട്ടേറിയറ്റ് യോഗം

Jaihind Webdesk
Sunday, April 28, 2024

തിരുവനന്തപുരം: ഇ പി ജയരാജൻ പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയിൽ പ്രതിക്കൂട്ടിലും പ്രതിരോധത്തിലുമായി സിപിഎം. നാളെ അടിയന്തര സിപിഎം സെക്രട്ടറിയേറ്റ് യോഗം ചേരും വിവാദത്തിൽ കേന്ദ്ര സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുള്ള സാഹചര്യത്തിൽ ഇപിക്കെതിരെ കടുത്ത നടപടിക്ക് സാധ്യത തെളിയുകയാണ്.

സിപിഎമ്മിനെയും ഇടതുമുന്നണിയെയും ഒരുപോലെ പ്രതിരോധത്തിലാക്കിയ ഇ പി ജയരാജൻ പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കേരള രാഷ്ട്രീയത്തിൽ ആളിക്കത്തുകയാണ്. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ഗൗരവമായി ചർച്ച ചെയ്യും. മുതിർന്ന നേതാവിന്‍റെ നടപടി തെറ്റും ഗൗരവതരവുമെന്നുമാണ് പാർട്ടി വിലയിരുത്തുന്നത്. ഇപിയുടെ നടപടിയിൽ കേന്ദ്ര സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുള്ള സാഹചര്യത്തിൽ ഇപിക്കെതിരെ കടുത്ത നടപടിക്ക് സാധ്യത തെളിയുകയാണ്. നേരത്തെ കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരം ഇടതും ബിജെപിയും തമ്മിലാണെന്നും ബിജെപിയുടെ സ്ഥാനാർത്ഥികൾ മികച്ചവരാണെന്നുമുള്ള ഇപിയുടെ പരാമർശങ്ങൾ ഏറെ
വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ജാവദേക്കർ കൂടിക്കാഴ്ച വിവാദം പുറത്തുവരുന്നത്. ഇതോടെ മുഖ്യമന്ത്രിക്ക് തന്നെ ഇപിയെ പരസ്യമായി തള്ളി പറയേണ്ട സാഹചര്യം ഉണ്ടായി.

അതേസമയം ഇപി ജയരാജന്‍റെ കൂടിക്കാഴ്ച പിണറായിയുടെ അറിവോടെയെന്ന വിമർശനം പ്രതിപക്ഷം ശക്തമാക്കി. സിപിഎം ബിജെപി അന്തർധാര സജീവമാണെന്ന വിമർശനം പ്രതിപക്ഷം ഏറെ നാളായി ശക്തമായി ഉയർത്തുന്നതിനിടയിലാണ് അതിനെ സാധൂകരിക്കുന്ന കൂടിക്കാഴ്ച വിവാദം പുറത്തുവന്നത്. യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണെന്നും സംഭവം പുറത്തുവന്നപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുകയാണെന്നുമുള്ള ശക്തമായ വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഇടതുമുന്നണിയെയും പാർട്ടിയേയും പിടിച്ചുകുലുക്കുന്ന നിലയിലേക്ക് വിവാദം ഉയർന്നതോടെ പ്രതിരോധത്തിലും പ്രതിക്കൂട്ടിലുമായ സിപിഎം കടുത്ത നടപടിയിലേക്ക് നീങ്ങുവാൻ നിർബന്ധിതമായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അവലോകനത്തിനായി നാളെ ചേരുന്ന സിപിഎം നേതൃയോഗത്തിലെ പ്രധാന ചർച്ച ഇപി വിഷയം തന്നെയായി മാറും.