മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ബിജെപിയുമായി ചര്‍ച്ച നടത്തുന്നു; ഡീല്‍ എന്തെന്ന് ജനങ്ങള്‍ക്ക് അറിയണം: വി.ഡി.സതീശന്‍

Jaihind Webdesk
Saturday, April 27, 2024

തിരുവനന്തപുരം: സിപിഎം ജീര്‍ണതയിലേക്കാണ് പോകുന്നതെന്നും ഇത്രമാത്രം ജീര്‍ണത ബാധിച്ച പാര്‍ട്ടിയായി സിപിഎം മാറിയോ എന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നു. അതിനു വേണ്ടിയാണ് ബിജെപിയെ ജയിപ്പിക്കാന്‍ ഒത്താശ നല്‍കുന്നതെന്നും വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി. പ്രകാശ് ജാവദേക്കറെ ജയരാജന്‍ കണ്ടതിനെയല്ല മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതെന്നും മറിച്ച് ഇ.പി ജയരാജനും നന്ദകുമാറും തമ്മിലുള്ള ബന്ധം മാതമാണ് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം  പ്രകാശ് ജാവദേക്കറെ കണ്ടാല്‍ എന്തു കുഴപ്പമാണുള്ളതെന്ന് ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും വി.ഡി.സതീശന്‍ ചൂണ്ടിക്കാട്ടി.

എല്‍ഡിഎഫ് കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി ജയരാജന്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി പ്രഭാരിയെ കാണേണ്ട ആവശ്യം എന്തായിരുന്നുവെന്ന് വി.ഡി.സതീശന്‍ ചോദിച്ചു. ബിസിനസ് ഡീലാണോ പൊളിറ്റിക്കല്‍ ഡീല്‍ ആണോയെന്ന് വ്യക്തമാക്കണം. ലാവലിന്‍, മാസപ്പടി കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ മെസഞ്ചര്‍ ആയാണോ ഇ.പി ജയരാജന്‍ ജാവദേക്കറുമായി സംസാരിച്ചതെന്ന് അദ്ദേഹം ചോദിച്ചു. അതുകൊണ്ടാണ് ജയരാജന്‍ ജാവദേക്കര്‍ കൂടിക്കാഴ്ച പിണറായി വിജയന്‍ തള്ളിപ്പറയാത്തതെന്നും അദ്ദേഹം പറഞ്ഞു. 2021 ലും ബിജെപി  സിപിഎമ്മിനെ സഹായിച്ചിട്ടുണ്ട്. ഈക്കാര്യം ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്‍റെ മുന്‍  എഡിറ്റര്‍ ബാലശങ്കര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതുപോലെ സഹായിക്കാനുള്ള ധാരണയാണ് ഈ തിരഞ്ഞെടുപ്പിലും നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇ.പി ജയരാജന്‍ എല്‍ഡിഎഫിന്‍റെ കണ്‍വീനറാണോ എന്‍ഡിഎയുടെ കണ്‍വീനറാണോയെന്ന പ്രതിപക്ഷത്തിന്‍റെ  ചോദ്യം ശരിവയ്ക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടന്നത്. കൂട്ടുപ്രതിയെ ഒറ്റുകൊടുത്ത് മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. എന്തിനാണ് പ്രകാശ് ജാവദേക്കറുമായി മുഖ്യമന്ത്രിയും നേതാക്കളും ചര്‍ച്ച ചെയ്തതെന്ന് സിപിഎം വ്യക്തമാക്കണം. ഡീല്‍ എന്തായിരുന്നെന്ന് ജനങ്ങള്‍ അറിയണം. കൊണ്ടു നടന്നതും നീയേ ചാപ്പ, കൊല്ലിച്ചതും നീയേ ചാപ്പ എന്ന ഈരടിയാണ് ഇ.പി ജയരാജനോട് പിണറായി ചെയ്തതിന് ഏറ്റവും ചേരുന്നത്. നന്ദകുമാറിന്‍റെ അമ്മയുടെ പിറന്നാളിന് വീട്ടില്‍ പോയി ഷാളണിയിച്ച ജയരാജനാണ് നന്ദകുമാറിനെ അറിയില്ലെന്നു പറഞ്ഞത്. നന്ദകുമാറുമായി ജയരാജന് ബന്ധമുണ്ടെന്ന് പിണറായിക്ക് അറിയാമെന്നും എന്നിട്ടാണ് മുഖ്യമന്ത്രി നന്ദകുമാറുമായുള്ള ബന്ധം തള്ളിപ്പറഞ്ഞതെന്നും ഇത് നാടകമാണെന്നും വി.ഡി.സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.