കോടിയേരി കഥയറിയാതെ ആട്ടം കാണുന്നു : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Tuesday, October 15, 2019

Mullapaplly-Ramachandran

കൂടത്തായി കേസിൽ അന്വേഷണം ഊർജിതമാക്കി പ്രതികൾക്ക് കർശനമായ ശിക്ഷവാങ്ങി നൽകണമെന്ന് താൻ ആവശ്യപ്പെടുകയാണ്. എന്നിട്ടും നിരന്തരമായി തന്നെ വിമർശിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഥ അറിയാതെ ആട്ടം കാണുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

പോലീസ് മേധാവി ലോക്നാഥ് ബെഹറ കൂടത്തായി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് നടത്തിയ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. കേസ് അട്ടിമറിക്കാനും പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനും ഉദ്ദേശിച്ചാണ് മുന്‍വിധിയോട് നടത്തിയ ഈ പ്രസ്താവനയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. വികസന നേട്ടങ്ങൾ ഒന്നും അവകാശപ്പെടാനില്ലാത്ത പിണറായി സർക്കാരിന്‍റെ ദയനീയപ്രകടനം ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ തന്ത്രപൂർവ്വം സൃഷ്ടിച്ച പുകമറതന്നെയാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങളെന്നും മുല്ലപ്പള്ളി ആരോപിച്ചു. കണ്ണടച്ച് ഇരുട്ടാക്കുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖം നഷ്ടപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയിട്ട് എന്ത് വികസന നേട്ടമാണ് അവകാശപ്പെടാനുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു. കേരളത്തിൽ കോൺഗ്രസിനെ ദുർബലപ്പെടുത്തി ബി.ജെ.പിയെ വളർത്താനുള്ള അച്ചാരം വാങ്ങിയാണ് സി.പി.എം സംസ്ഥാന നേതൃത്വം പ്രവർത്തിക്കുന്നത്. ലാവലിൻ കേസ് തുടർച്ചയായി അവധിക്ക് വെക്കുന്നത് പോലും ഇതിന്‍റെ ഭാഗമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അഞ്ച് മണ്ഡലങ്ങളിലും ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ വോട്ടുകച്ചവടം നടത്താന്‍ ധാരണയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ശബരിമല വിഷയത്തില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുണ്ടാക്കിയ  പരസ്പര ധാരണപ്രകാരം ഇരുകൂട്ടരും ചേര്‍ന്ന് വിശ്വാസികളെ വഞ്ചിച്ചു. കേരളത്തില്‍ ക്ലച്ച് പിടിക്കാനുള്ള അവസരമായി ബി.ജെ.പി ശബരിമല വിഷയത്തെ കണ്ടപ്പോള്‍ ഇതിന് അനുകൂല അവസരം സൃഷ്ടിക്കുന്ന സമീപനം സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും ഒരുക്കിയതും കേരളം കണ്ടതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.