പി. ജയരാജന് വാഴ്ത്തുപാട്ടുമായി റെഡ് ആർമിയും പോരാളി ഷാജിയും; ഇ.പി. ജയരാജനെതിരെ ഒളിയമ്പ്

Jaihind Webdesk
Monday, April 29, 2024

 

കണ്ണൂർ: എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജനെ ലക്ഷ്യം വെച്ച് ഫേസ്ബുക്ക് പോസ്റ്റുമായി പി. ജയരാജന്‍ അനുഭാവികളുടെ ഫേസ്ബുക്ക് പോസ്റ്റ്. മുമ്പ് പി.ജെ. ആർമി ആയിരുന്ന റെഡ് ആർമിയും പോരാളി ഷാജിയുമാണ് പി. ജയരാജനെ പുകഴ്ത്തിയും പേരെടുത്തു പറയാതെ ഇപിയെ ഇകഴ്ത്തിയും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്.

“കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നവർക്കിടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ” എന്ന വരികളാണ് റെഡ് ആർമി, പോരാളി ഷാജി എന്നീ ഫേസ്ബുക്ക് പേജുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പി. ജയരാജൻ റെഡ് വളന്‍റിയർമാരെ നോക്കി നിൽക്കുന്ന ചിത്രവും രണ്ടു പേജുകളിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ.പി. ജയരാജന്‍ നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദമായതിന് പിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റ്. പി. ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് പി.ജെ. ആർമി എന്ന പേരില്‍ സജീവമായിരുന്ന പേജാണ് പിന്നീട് പേരു മാറ്റി റെഡ് ആർമി ആയത്. സിപിഎമ്മില്‍ വലിയ തർക്കങ്ങള്‍ക്കും ചർച്ചകള്‍ക്കും വഴിവെച്ച വ്യക്തിപൂജ വിവാദത്തിന് പിന്നാലെയായിരുന്നു പേരുമാറ്റം. റെഡ് ആർമി പേജിന് ഒരു ലക്ഷത്തോളവും പോരാളി ഷാജി പേജിന് മൂന്നു ലക്ഷത്തിലേറെയും ഫോളോവേഴ്സുണ്ട്.

അതേസമയം ഇപി-ജാവദേക്കർ കൂടിക്കാഴ്ച സിപിഎമ്മില്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. സിപിഎം-ബിജെപി ബാന്ധവത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്കാണ് കൂടിക്കാഴ്ച വിരല്‍ ചൂണ്ടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ജാവദേക്കറെ കണ്ടെന്ന് സമ്മതിച്ചതോടെ ഇത് എന്തിനുവേണ്ടിയായിരുന്നുവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തി. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇ.പി. ജയരാജന്‍ ചർച്ച നടത്തിയതെന്നും ലാവലിനും സ്വർണ്ണക്കടത്തും ഉള്‍പ്പെടെയുള്ള കേസുകളില്‍ ഡീല്‍ നടന്നതായും പ്രതിപക്ഷം ആരോപിച്ചു.