ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്; നടപടി യദുവിന്‍റെ പരാതിയില്‍

Jaihind Webdesk
Monday, May 6, 2024

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്‍റെ പരാതിയിലാണ്‌ കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 3 ആണ് യദുവിന്‍റെ ഹര്‍ജി പരിഗണിച്ച് മേയര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് കോടതിയുടെ നിര്‍ദേശം. കന്‍റോണ്‍മെന്‍റ് പോലീസിനാണ് കേസെടുക്കാന്‍ കോടതി  നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. പരാതി കോടതി പോലീസിന് കൈമാറി.  മേയറുടെ പരാതിയില്‍ യദുവിനെതിരെ പോലീസ് ആദ്യം കേസെടുത്തിരുന്നു. മേയര്‍ക്കെതിരെ യദു പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും അത് പരിഗണിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് യദു കോടതിയെ സമീപിച്ചത്. യദു നല്‍കിയ ഈ ഹര്‍ജി പരിഗണിച്ചാണ് മേയര്‍ക്കെതിരെ കേസെടുക്കണമെന്ന് ഇപ്പോള്‍ ഉത്തരവായിരിക്കുന്നത്.

അതേസമയം, ബസ്സിലെ സിസിടിവിയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പോലീസ്  അന്വേഷണം തുടരുകയാണ്. യദു ഉള്‍പ്പെടെ ബസ് ഓടിച്ചവർ, ബസിലുണ്ടായിരുന്ന കണ്ടക്ടർമാർ എന്നിവരുടെ മൊഴി പോലീസ് വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.