‘മോദി തോല്‍വി സമ്മതിച്ചു; ഭരണഘടന മാറ്റാമെന്ന് ആർഎസ്എസ് സ്വപ്നം കാണേണ്ട’: രാഹുല്‍ ഗാന്ധി

Jaihind Webdesk
Friday, May 17, 2024

 

റായ്ബറേലി/ഉത്തർപ്രദേശ്: നരേന്ദ്ര മോദി തിരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ചെന്ന് രാഹുൽ ഗാന്ധി. ജൂൺ നാലിന് ശേഷം മോദി പ്രധാനമന്ത്രിയായി തുടരില്ലെന്ന് താൻ എഴുതിത്തരാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മോദിയെ ആവശ്യമില്ലെന്നാണ് രാജ്യത്തിന്‍റെ എല്ലാ ഭാഗത്തെയും യുവാക്കൾ പറയുന്നത്. ഭരണഘടന മാറ്റാം എന്ന് ആർഎസ്എസ് സ്വപ്‌നം കാണേണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. റായ്ബറേലിയിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ നാലു ഘട്ടങ്ങള്‍ കഴിഞ്ഞപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തോൽവി സമ്മതിച്ചെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടന മാറ്റാമെന്നത് ആർഎസ്എസിന്‍റെയും ബിജെപിയുടെയും സ്വപ്നം മാത്രമാണ്. മോദി തന്നെ ഇഡിയെക്കൊണ്ട് വേട്ടയാടിയതും ലോക്സഭയിൽ നിന്ന് പുറത്താക്കിയതും വീട്ടിൽ നിന്നും ഇറക്കിവിട്ടതുമെല്ലാം രാഹുൽ റായ്ബറേലിയിലെ വോട്ടർമാരെ ഓർമ്മിപ്പിച്ചു. അപ്പോഴും രാജ്യത്തെ സാധാരണക്കാരുടെ ഹൃദയത്തിലും അവരുടെ വീടുകളിലും തനിക്ക് സ്ഥാനമുണ്ടായിരുന്നെന്നും രാഹുൽ പറഞ്ഞു. താൻ കള്ളം പറയാറില്ല. ഇന്ത്യ സഖ്യം നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കൊവിഡ് കാലത്തും പാവപ്പെട്ടവർക്ക് മോദി സമ്മാനിച്ചത് ദുരിതമാണ്.  വീടുകളിലേക്ക് നടന്നുവലഞ്ഞു പോകേണ്ടി വന്നവർ നിരവധിയാണ്. രാജ്യത്തിന്‍റെ പലഭാഗത്തും താൻ പോയി. എല്ലായിടത്തും മോദിയെ ആവശ്യമില്ലെന്നാണ് യുവാക്കൾ പറയുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. റായ് ബറേലിയിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സമാജ് വാദി പാർട്ടി  അധ്യക്ഷൻ അഖിലേഷ് യാദവ്, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.